കാസർകോട്: മംഗളൂരുവിൽ നിന്ന് ഇടുക്കിയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. എക്സൈസിനെ വെട്ടിച്ചുകടന്ന പ്രതികളെ ഉദ്യോഗസ്ഥര്‍ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇടുക്കി അടിമാലി സ്വദേശികളായ ശ്രീജിത്ത്, അൻസാരി എന്നിവരെയാണ് കാസർകോട് എക്സൈസ് അറസ്റ്റുചെയ്‌തത്.
നഗരത്തിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പിന്തുടർന്ന് സാഹസികമായാണ് കീഴടക്കിയത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് നാല് പൊതികളിലായി സൂക്ഷിച്ച എട്ട് കിലോ കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. കാസർകോട് എക്സൈസ് സബ് ഇൻസ്‌പെക്‌ടർ ടോണി എസ്, പ്രിവന്‍റീവ് ഓഫിസർ സികെ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ ചോദ്യം ചെയ്‌തതിലൂടെ രണ്ട് പേരും സ്ഥിരമായി ലഹരിക്കടത്തിൽ ഏർപ്പെടാറുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
'എക്സൈസിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നു': കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയാൻ ജില്ലയിൽ പരിശോധന കർശനമാക്കുകയാണ് പൊലീസും എക്സൈസും. അതേസമയം, നിരോധിത പുകയില ഉത്‌പന്നങ്ങളുടെയും കടത്ത് തുടരുമ്പോഴും അതിർത്തി ജില്ലയായ കാസർകോട് എക്സൈസ് വകുപ്പിൽ ആകെയുള്ളത് ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 233 ജീവനക്കാർ മാത്രമാണ്. കർണാടകയുമായി അതിർത്തി പങ്കിടുന്ന ഒട്ടേറെ സ്ഥലങ്ങൾ ജില്ലയിൽ ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവിനെ തുടർന്ന് അനധികൃത കടത്ത് തടയുന്നതിന് മതിയായ ശ്രദ്ധ ചെലുത്താൻ എക്സൈസിന് സാധിക്കുന്നില്ലെന്നാണ് ആരോപണം.
എക്സൈസ് വകുപ്പിൽ ജില്ലയിൽ നിയമനം ലഭിക്കുന്ന ഇതര ജില്ലക്കാർ സ്പെഷൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മാതൃജില്ലകളിലേക്കു മടങ്ങുന്നതും എക്സൈസ് വകുപ്പിന്‍റെ പ്രവർത്തനത്തെ ഏറെ ബാധിക്കുന്നു. എക്സൈസിന് ജില്ലയിൽ ഡിവിഷൻ ഓഫിസ്, ജില്ല ഹെഡ് ക്വാർട്ടേഴ്‌സ് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, കാസർകോട്, കാഞ്ഞങ്ങാട് സർക്കിൾ ഓഫിസുകൾ, ഏഴ് റേഞ്ച് ഓഫിസുകൾ, മൂന്ന് ചെക്ക് പോസ്റ്റുകൾ ഇവയാണ് ജില്ലയിലുള്ളത്.