കാസര്‍കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കള്ളവോട്ട് നടക്കാന്‍ സാധ്യതയുള്ള ബൂത്തുകളുടെ പട്ടിക തയ്യാറാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളിലാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി രണ്ട് കമ്പനി കേന്ദ്ര സേനയും ജില്ലയിലെത്തി. വോട്ടെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപക കള്ളവോട്ട് നടക്കാന്‍ സാധ്യതയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് വന്നത്. വോട്ടര്‍മാരെ മദ്യവും പണവും നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ പ്രത്യേകം സ്‌ക്വാഡിനെ നിയോഗിക്കും. കള്ളവോട്ട് ചെയ്യാനിടയുള്ള ബൂത്തുകള്‍ സംബന്ധിച്ച പട്ടികയും തയ്യാറാക്കും. ഇതിനായി രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലയില്‍ 44 പ്രശ്‌ന ബാധിത ബൂത്തുകളും 49 അതീവ പ്രശ്‌ന ബൂത്തുകളുമാണ് ഉള്ളത്. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. പ്രശ്‌ന ബാധിത മേഖലകളിലെ 795 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തും. മറ്റിടങ്ങളില്‍ ആവശ്യത്തിനനുസരിച്ച് വീഡിയോഗ്രാഫി സംവിധാനവും ഒരുക്കും. അതിര്‍ത്തി മേഖലയിലെ പരിശോധനകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വോട്ടെടുപ്പിനോടടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂട്ടത്തോടെ ആളുകളെത്തുന്നത് അനുവദിക്കില്ല. രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്ത് നടപടികള്‍ വിശദീകരിച്ചിട്ടുണ്ട്. സുരക്ഷാക്രമീകരണത്തിന്‍റെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്രസേനാംഗങ്ങളും പൊലീസും കെഎപിയും ചേര്‍ന്ന് നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി.