കാസർകോട്: തലക്ലായി സ്വദേശിനി അഞ്‌ജുശ്രീ(19)യുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്‌ക്കായി അഞ്‌ജുവിന്‍റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്‌ക്ക് അയച്ചു.
അതേസമയം, അഞ്‌ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിൽ നിന്നുള്ള വിഷം അല്ലെന്നാണ് ഫൊറൻസിക് സർജന്‍റെ നിഗമനം. വിഷം ഏതെന്ന് കണ്ടെത്താൻ വിദഗ്‌ധ പരിശോധന നടത്തും. വിഷം കരളിന്‍റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാമർശമില്ലാതെ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പ്രാഥമിക റിപ്പോർട്ടും സമർപ്പിച്ചിരുന്നു. രാസപരിശോധന ഫലം പുറത്തുവന്നതിന് ശേഷം വ്യക്തത വരുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. കാസർകോട് സ്വദേശിനി അഞ്‌ജുശ്രീ പാർവ്വതി ശനിയാഴ്‌ച രാവിലെയാണ് മരണപ്പെട്ടത്. ഭക്ഷ്യ വിഷബാധയെ തുടർന്നെന്നായിരുന്നു പ്രാഥമിക നിഗമനം.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയായിരുന്നു അഞ്‌ജുശ്രീ. ക്രിസ്‌മസ് - പുതുവത്സര അവധിക്ക് നാട്ടിലെത്തിയതായിരുന്നു.