കാസര്‍കോട്: കടലാസുകൾ, വർണനൂലുകൾ, കുപ്പിവളകൾ, മഞ്ചാടി മണികൾ തുടങ്ങിയവയൊക്കെയാണ് ലോക്ക് ഡൗണ്‍ കാലത്ത് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി അനന്യയുടെ കളിക്കൂട്ടുകാര്‍. അനന്യയുടെ കൈ തൊട്ടാല്‍ മതി, വർണകടലാസുകളും പാഴ്‌വസ്‌തുക്കളുമെല്ലാം വീടുകളെ മനോഹരമാക്കുന്ന അലങ്കാര വസ്‌തുക്കളായി മാറും. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ കാലത്തെ ഇടവേളകൾ അനന്യയ്‌ക്ക് ഒട്ടും തന്നെ മടുപ്പ് നല്‍കുന്നില്ല. പെൻസിൽ-പേന ഹോൾഡറുകൾ, വിശറികൾ, പൂപ്പാത്രങ്ങൾ തുടങ്ങി നിരവധി കൗതുക വസ്‌തുക്കളാണ് ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ അനന്യയുടെ കരവിരുതുകളില്‍ പിറവിയെടുത്തത്. ബോട്ടിൽ ആർട്ടിലും അനന്യ കഴിവ് തെളിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മഹാകവി പി.സ്‌മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചുമിടുക്കി.
വെള്ളികുന്നത്ത് കാവിന് സമീപം കനത്താടൻ വീട്ടിൽ ഐസ് ലാൻഡ് ബാബുവിന്‍റെയും പ്രൈമറി സ്‌കൂൾ അധ്യാപിക പ്രജിതയുടെയും മകളായ അനന്യ പഠനകാര്യങ്ങളിലും മികവ് പുലർത്തുന്നു. കലാവേദികളിലും അനന്യ സജീവമാണ്. കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കലോത്സവത്തിലെ സ്‌കിറ്റ് മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിട്ടുണ്ട് അനന്യ ഉൾപ്പെടുന്ന വെള്ളിക്കോത്ത് സ്‌കൂളിന്‍റെ ടീം. മകളുടെ താല്‍പര്യങ്ങൾക്ക് പൂർണപിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്.