കാസര്‍കോട്: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ പൊലീസിന്‍റെ സേവനങ്ങൾ ഓർമപ്പെടുത്തി ഹ്രസ്വചിത്രം. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് കാസർകോട് പൊലീസ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള 'അമൃതം' തയ്യാറാക്കിയത്. കൊവിഡ് കാലത്ത് ആളുകൾ വീടുകളിൽ കഴിയേണ്ടതിന്‍റെ പ്രാധാന്യമാണ് ഹ്രസ്വചിത്രം പറയുന്നത്. കേരളാ പോലീസ് കാസർകോട് നടപ്പാക്കുന്ന അമൃതം ഹോം ഡെലിവറിയെ കുറിച്ചാണ് ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നത്.
കാസർകോട്ടെ നിലവിലെ സാഹചര്യങ്ങൾ മുന്നിൽ കണ്ടാണ് ഡിജിറ്റൽ മാധ്യമം ഉപയോഗിച്ചുകൊണ്ടുള്ള പൊലീസിന്‍റെ ഇടപെടൽ. ഐജി വിജയ് സാഖറെയുടെ ആശയത്തിന് ദൃശ്യഭാഷയൊരുങ്ങിയപ്പോൾ ചലച്ചിത്ര നടനും കാസർകോട്ടെ സർക്കിൾ ഇൻസ്പെക്‌ടറുമായ സിബി തോമസും കുടുംബവുമാണ് അഭിനയിച്ചത്. കാസർകോട്ടെ മറ്റു പൊലീസുകാരും ഇതിൽ വേഷമിട്ടു. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലെ പ്രവർത്തനമാണ് വീഡിയോ ചിത്രീകരണത്തിലൂടെ പറയുന്നത്. വീടുകളിലേക്ക് സാധനങ്ങൾ എത്തിച്ചുതരുമെന്ന ഉറപ്പാണ് ഇതിലൂടെ കാസർകോട്ടെ ജനങ്ങൾക്ക് പൊലീസ് നൽകുന്നത്. സാമൂഹിക അകലത്തിന്‍റെ പ്രാധാന്യം ഓർമപ്പെടുത്തി നടൻ മോഹൻലാലും ചിത്രത്തിന്‍റെ ഭാഗമാകുന്നു.