കാസർകോട്: അഭ്രപാളിയിൽ എത്തും മുമ്പ് അധ്യാപക ജീവിതം…ഒരു വർഷം കൊണ്ട് ഒട്ടേറെ ശിഷ്യരുടെ സ്നേഹം നേടിയ അധ്യാപകൻ… മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം സുകുമാരന്‍റെ വേർപാടിന് 25 വർഷം തികയുമ്പോൾ കാസർകോട്ടെ ശിഷ്യരും സുകുമാരൻ മാഷിനെ ഓർത്തെടുക്കുന്നു.
കാസർകോട് ഗവൺമെന്‍റ് കോളജിൽ ഒരു വർഷം മാത്രമാണ് അധ്യാപക ജോലി ചെയ്‌തതെങ്കിലും ഒട്ടേറെ ശിഷ്യരുടെ സ്നേഹം പിടിച്ചുപറ്റിയാണ് സുകുമാരൻ മടങ്ങിയത്. സിനിമയിൽ എത്തും മുമ്പ് 1972ലാണ് ഇംഗ്ലീഷ് അധ്യാപകനായി സുകുമാരൻ കാസർകോട് എത്തുന്നത്. വിഷയം ഇംഗ്ലീഷ് ആയിരുന്നെങ്കിലും അദ്ദേഹം ലോകത്തുള്ള എല്ലാ കാര്യങ്ങളേയും കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്ന് ശിഷ്യരിൽ ഒരാളായ എഴുത്തുകാരൻ എം.എ റഹ്മാൻ ഓർത്തെടുക്കുന്നു.
ഉച്ച സമയത്തായിരുന്നു സുകുമാരൻ മാഷുടെ ഇംഗ്ലീഷ് ക്ലാസ്. ഉറക്കം വരുന്ന സമയം ആയിരുന്നിട്ടും ക്ലാസ് എടുക്കുന്നതിന്‍റെ ആകർഷണീയത കാരണം വിദ്യാർഥികൾ ഊർജസ്വലരായിരുന്നു. ക്ലാസിന്‍റെ അവസാനത്തെ 5 മിനിട്ട് വിദ്യാർഥികളുമായി സംസാരിക്കും. കാര്യങ്ങൾ ചോദിച്ചറിയും. വികൃതി കാട്ടിയാലും ഒരിക്കലും ക്ഷുഭിതനായി കണ്ടിട്ടില്ലെന്നും റഹ്മാൻ പറയുന്നു.
പ്രീ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥി ആയിരുന്നപ്പോൾ ആണ് റഹ്മാന് സുകുമാരന്‍റെ ക്ലാസിൽ ഇരിക്കാൻ അവസരം കിട്ടിയത്. ലൈബ്രറിയോട് ചേർന്നു നിൽക്കുന്ന മുറിയിൽ ആയിരുന്നു സുകുമാരന്‍റെ ക്ലാസ്. കാറൽ മാർക്‌സും നാട്യശാസ്ത്രവും അടക്കമുള്ള പല വിഷയങ്ങളും വിദ്യാർഥികളുമായി പങ്കുവെക്കുമായിരുന്നു.
കാസർകോട് മല്ലികാർജുന ക്ഷേത്രത്തിന് സമീപം എയർലൈൻസ് ലോഡ്‌ജിൽ ആയിരുന്നു താമസം. ബദരിയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു നേരെ കോളജിലേക്ക്. ഗ്രാമർ ഡിപ്പാർട്മെന്‍റിലെ ഗ്ലാമർ മാഷായിരുന്നു അന്ന് സുകുമാരൻ. റൂമിലേക്കുള്ള മടക്കം ഒരു പിടി പുസ്‌തകങ്ങളുമായി.
1973ൽ നിർമാല്യം സിനിമയിൽ അദ്ദേഹം എത്തിയപ്പോൾ വിദ്യാർഥികളും സഹ അധ്യാപകരും ഏറെ സന്തോഷത്തിൽ ആയിരുന്നു. 1982ൽ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ വെച്ചു കണ്ടപ്പോൾ പഴയ ശിഷ്യനാണെന്നറിഞ്ഞപ്പോൾ ചേർത്തു പിടിച്ചെന്നും റഹ്മാൻ ഓർക്കുന്നു.
നല്ല ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വിദ്യാർഥി സമരങ്ങളെയും പിന്തുണച്ചിരുന്നു. പഠിക്കുന്നവരെന്നും പഠിക്കാത്തവരെന്നും നോക്കാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന സ്വഭാവമായിരുന്നു സുകുമാരന്‍റേത്. ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സുകുമാരൻ കാസർകോട്ടെ ശിഷ്യരുടെ മനസിൽ ഇപ്പോഴും മായാതെ കിടക്കുന്നു.