കാസർകോട്: സൂപ്പർസ്റ്റാർ മോഹന്‍ലാല്‍ നേരിട്ട് അഭിനന്ദന സന്ദേശം അറിയിച്ചതിന്‍റെ ഞെട്ടലിലാണ് സതീഷ്. കാഞ്ഞങ്ങാട് സ്വദേശിയായ സതീഷ് വരച്ച മരക്കാറിലെ മോഹന്‍ലാലിന്‍റെ ചിത്രമാണ് ലാലേട്ടന് ഇഷ്‌ടപ്പെട്ടത്. കൗതുകത്തിന് വരച്ചതാണെങ്കിലും ഇത്രയധികം അഭിനന്ദനം നേടുമെന്ന് കരുതിയില്ലെന്ന് സതീഷ് പറയുന്നു. ചിത്രം ലാലേട്ടന്‍റെ കൈയിലെത്തിയതും വാട്‌സാപ്പിലൂടെ അഭിനന്ദനമറിയിച്ചതുമെല്ലാം സ്വപ്‌നം പോലെയാണെന്ന് സതീഷ് പറയുന്നു.
'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിലെ മോഹന്‍ലാലിനെ അതേപടി പകര്‍ത്തിവെക്കുകയായിരുന്നു ഈ കലാകാരൻ. കൊവിഡും ലോക്ക്‌ഡൗണും മൂലം വീട്ടിലിരുന്നപ്പോഴാണ് വര എന്ന ആശയം സതീഷിന്‍റെ മനസിലേക്കെത്തുന്നത്. മോഹന്‍ലാലിന് പുറമെ മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകൃതി തുടങ്ങി മികച്ച ചിത്രങ്ങളും സതീഷ് വരച്ചെടുത്തു. മരക്കാറിലെ ചിത്രം മോഹന്‍ലാലിനെ നേരിട്ട് ഏല്‍പ്പിക്കണമെന്നാണ് സതീഷിന്‍റെ ആഗ്രഹം.