കാസർകോട്: 'ആകാശം മാത്രം കാണുന്ന വീടുകള്‍' എന്ന പേരില്‍ പ്രവാസ കഥകളുടെ സമാഹാരമൊരുക്കി കേരള കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആദ്യപ്രതി നല്‍കി കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു സമാഹാരത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചു. സിലബസില്‍ ഉള്‍പ്പെട്ട ഡയാസ്പോറിക് ഫിക്ഷന്‍, ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് എന്നീ കോഴ്‌സുകള്‍ പഠിക്കുന്നതിന്‍റെ ഭാഗമായാണ് പ്രവാസ നൊമ്പരങ്ങളും ഉന്മാദങ്ങളും അടയാളപ്പെടുത്തുന്ന ചെറുകഥകളുടെ ഒരു സമാഹാരം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വകുപ്പിന് ലഭിച്ച ശില്‍പശാലാ പ്രോജക്റ്റിന്‍റെ ആദ്യഭാഗമാണ് ഇത്.
പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ഇരുനൂറിലധികം കഥകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച 26 കഥകളാണ് സമാഹാരത്തിലുള്ളത്. എം.എ. ഇംഗ്ലീഷ് വിദ്യാര്‍ഥികളായ ഷെറില്‍ ജോണ്‍സണ്‍, മൃദുല്‍ സി. മൃണാള്‍, ശ്രുതി മിശ്ര, സിതാര കുമാര്‍, വിസ്മയ സി.എച്ച്, നവമി ഗോവിന്ദ്, കൃഷ്ണ പ്രസാദ്, പിഎച്ച്ഡി ഇംഗ്ലീഷ് ഗവേഷകരായ പാര്‍വതി എം.എസ്, ശ്രീലക്ഷ്മി.എം എന്നിവരാണ് കഥകള്‍ തെരഞ്ഞെടുത്തത്. എഡിറ്റിങ്ങും മുഖക്കുറിപ്പ് രചനയും നിര്‍വഹിച്ചിരിക്കുന്നത് വകുപ്പിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ബി. ഇഫ്‌തിഖാര്‍ അഹമ്മദാണ്.
തൃശൂര്‍ കറന്‍റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സമാഹാരത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍. ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. ജോസഫ് കോയിപ്പള്ളി, രജിസ്ട്രാര്‍ ഡോ. മുരളീധരന്‍ നമ്പ്യാര്‍, ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.