കാസർകോട്:നാടാകെ തെരഞ്ഞെടുപ്പ് ആരവമുയരുമ്പോള്‍ ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാകാൻ കഴിയാത്ത നിരവധി കുടുംബങ്ങളാണ് മഞ്ചേശ്വരത്തുള്ളത്. പൈവളിഗെ പഞ്ചായത്തിലെ ജോഡുകല്ല് തപോവനം കോളനിയില്‍ കഴിയുന്നവരുടെ കൈയില്‍ തിരിച്ചറിയല്‍ രേഖകളില്ല. ആകെയുള്ള കുടിയിരിപ്പെങ്കിലും മേല്‍വിലാസമാക്കി കിട്ടാനുള്ള ഇവരുടെ കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
തപോവനം കോളിനിയിലെ ദേവകിയുടെ വീട്ടിൽ ഭര്‍ത്താവും മക്കളും അമ്മയുമടക്കം ആറ് പേര്‍ അന്തിയുറങ്ങുന്നത് ഒറ്റമുറിക്കൂരയിലാണ്. കാറ്റടിച്ചാല്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച മേല്‍ക്കൂര ഇളകിത്തുടങ്ങും. ഓലകൊണ്ട് മറച്ചുള്ള ഒറ്റമുറിയാണ് വീട്. ഇതുവരെ ഇവർക്ക് കുടിയിരിപ്പിന് പഞ്ചായത്ത് നമ്പര്‍ പോലും ലഭിച്ചിട്ടില്ല. മാത്രമല്ല ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐ.ഡി തുടങ്ങിയ തിരിച്ചറിയല്‍ രേഖകളും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
കോളനിയിലെ മറ്റു കുടുംബങ്ങളുടെയും സ്ഥിതി മറിച്ചല്ല. ഈ മണ്ണില്‍ ജീവിച്ചുവെന്നതിന് തെളിവായി കാണിക്കാന്‍ സര്‍ക്കാര്‍ രേഖകള്‍ ഒന്നും തന്നെ ഈ കോളനിയിലുള്ളവരുടെ കൈയിലില്ല. ഓരോ തെരഞ്ഞെടുപ്പ് കാലത്തും നേതാക്കള്‍ ഇവിടെയെത്തും. എന്നാല്‍ കോളനിക്കാർക്ക് വോട്ടില്ല എന്നറിയുമ്പോള്‍ തിരിച്ചുപോകും. ആരും സഹായത്തിന് എത്താറില്ലെന്നും കോളനിക്കാർ പറയുന്നു.