കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി 42 കേന്ദ്രങ്ങൾ ഒരുക്കും. കാലവര്‍ഷത്തിന് മുന്നോടിയായി താലൂക്ക് ഇന്‍സിഡന്‍റ് റെസ്പോണ്‍സ് ടീമാണ് കേന്ദ്രങ്ങൾ സജ്ജമാക്കിയത്. താലൂക്ക് പരിധിയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളയിടങ്ങള്‍ കണ്ടത്തി മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. വൈദ്യുത ലൈനുകള്‍ ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നടപടിയെടുക്കും.
കാലവര്‍ഷക്കെടുതികള്‍ നേരിടാനുള്ള മുന്നൊരുക്കവും ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന ഓറഞ്ച് ബുക്കിനെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. പുതിയതായി സ്ഥാപിച്ച ഓട്ടോമാറ്റിക് കാലവസ്ഥ മാപിനിയും ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകും.വരും ദിനങ്ങളില്‍ കൂടുതല്‍ വകുപ്പുകളെ കൂടി ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നീക്കം.