കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ജനവിധിയില്‍ ഇത്തവണ നിര്‍ണായകമാകുക 26339 പുതുവോട്ടര്‍മാരുടെ നിലപാടുകള്‍. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയിലെ ഒരോ മണ്ഡലത്തിലും മൂന്ന് മുന്നണികളും തമ്മിലുള്ള വോട്ടുകളുടെ അന്തരം കുറഞ്ഞ സാഹചര്യത്തിലാണ് കാല്‍ ലക്ഷത്തിലധികം വരുന്ന പുതിയ വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്ന് രാഷ്ട്രീയ കക്ഷികൾ ഉറ്റുനോക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ക്കൊപ്പം പതിവില്‍ നിന്നും വ്യത്യസ്തമായി ഉദുമ കൂടി യുഡിഎഫിനെ തുണച്ചെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായി. ഇടതുമുന്നണിയും ബിജെപിയുമാണ് അവിടെ നിലമെച്ചപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കാസര്‍കോടും ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
26339 പുതിയ വോട്ടര്‍മാരില്‍ കൂടുതലും ഉദുമ മണ്ഡലത്തിലാണ്, 6115 പേര്‍. കാസര്‍കോട് 5725, കാഞ്ഞങ്ങാട് 5056, മഞ്ചേശ്വരത്ത് 4963 തൃക്കരിപ്പൂരില്‍ 4480 എന്നിങ്ങനെയാണ് പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ളത്. ഇതില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ പുതു വോട്ടര്‍മാരുടെ വിധിയെഴുത്ത് കാര്യമായ സ്വാധീനം ചെലുത്തും എന്നാണ് മുന്നണികളുടെ വിശ്വാസം.