കാസര്‍കോട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയില്‍ 1,500 പൊലീസുകാരെ വിന്യസിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു അറിയിച്ചു. വടക്കൻ മേഖലാ ഐ.ജി. അശോക്‌യാദവ്, എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ വിജയ സാഖറെ, ഡി.ഐ.ജി. സേതുരാമൻ, കോട്ടയം കൈംബ്രാഞ്ച് എസ്.പി സാബു മാത്യു, ടെലികമ്യൂണിക്കേഷൻ എസ്.പി ഡി. ശിൽപ എന്നിവരുടെ നേതൃത്വത്തിലാകും ജില്ലയിലെ നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കുക.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാൻ പത്ത് വാഹനങ്ങളിൽ 50 പൊലീസുകാരെ നിയോഗിക്കും. ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളോടെ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും എസ്.പി അറിയിച്ചു. സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിരത്തുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മതിയായ കാരണങ്ങളില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അവശ്യസര്‍വീസുകള്‍ക്ക് ഇളവുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.