കണ്ണൂർ: എരഞ്ഞോളി പഞ്ചായത്തിൽ യുവാക്കളുടെ കൂട്ടായ്‌മയിൽ കരിമീൻ കൃഷി. എരഞ്ഞോളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വടക്കുമ്പാട് ഒയാസിസ് സ്വയം സഹായ സംഘത്തിന്‍റെ നേതൃത്വത്തിലാണ് കരിമീൻ കൃഷി ആരംഭിച്ചത്. ചിറമ്മലിലെ പുഴയോരത്തോട് ചേർന്നുള്ള ഒരേക്കർ വിസ്‌തൃതിയുള്ള സ്ഥലത്താണ് 25,000 ഉൾനാടൻ കരിമീൻ കുഞ്ഞുങ്ങളുടെ കൃഷി. ഹരിപ്പാട് കൈരളി ഫിഷ് ഫാമുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. എട്ട് മാസം കൊണ്ട് 400 ഗ്രാം തൂക്കമുള്ള കരിമീൻ ഉൽപാദിപ്പിക്കാൻ കഴിയും. സുനിൽകുമാർ, എം.രജീഷ്, വി.കെ രജീഷ്, കളത്തിൽ രാജീവൻ എന്നിവർ ചേർന്നാണ് മത്സ്യകൃഷി നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് അംഗം പി.സനീഷ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്‌തു.
കൊവിഡ് കാലത്ത് മറ്റ് മേഖലകളിൽ തൊഴിൽ കുറയുന്ന സാഹചര്യത്തിലാണ് പുതിയ രീതിയിൽ പരമ്പരാഗത കൃഷിയായ ഉൾനാടൻ കരിമീൻ കൃഷി ചെയ്യാൻ തീരുമാനിച്ചതെന്ന് യുവാക്കൾ പറഞ്ഞു.