കണ്ണൂർ: കണ്ണൂർ സർവകലാശാല വി.സി രാജി വെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രവർത്തകന് പരിക്കേറ്റു.
11 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ സർവകലാശാല പരിസരത്ത് രാവിലെ 11 മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തര്‍ മാര്‍ച്ച് നടത്തിയത്.
Also Read: വി.സി നിയമനം: മന്ത്രി സത്യപ്രതിജ്ഞ ലംഘിച്ചെന്ന് പ്രതിപക്ഷം; രാജിക്കായി ശക്തമായ പ്രക്ഷോഭം
സർവകലാശാല കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിനിടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജലപീരങ്കി പ്രയോഗത്തിൽ പ്രകോപിതരായ പ്രവർത്തകർ ബാരിക്കേഡ് തകർത്തു. ബാരിക്കേഡ് തകർത്ത പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ടൗൺ പൊലീസ് സ്‌റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.