കണ്ണൂര്‍: കാറിൽ കടത്തുകയായിരുന്ന 156.74 എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. പാതിരിയാട് സ്വദേശി ഇസ്‌മയിൽ പി പി ആണ് അറസ്റ്റിലായത്. പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ കെ സുബിൻ രാജും സംഘവും മമ്പറം അഞ്ചരക്കണ്ടി മൈലുള്ളിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ടാറ്റ ടിയാഗോയിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി ഇസ്‌മയിൽ പിടിയിലായത്.
മമ്പറം, അഞ്ചരക്കണ്ടി, കോട്ടയം ഭാഗങ്ങളിൽ യുവാക്കളുടെ ഇടയിലും വിദ്യാർഥികളുടെ ഇടയിലും മാരക ലഹരി ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആഴ്‌ചകളോളം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. വിപണിയില്‍ 14 ലക്ഷം രൂപ വില വരുന്ന എംഡിഎംഎ ആണ് പിടികൂടിയത്. 10 വർഷം മുതൽ 20 വർഷം വരെ കഠിന തടവും 2 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പിണറായി എക്സൈസ് സംഘം മാസങ്ങൾക്ക് മുമ്പ് മൂന്നാം പീടികയിൽ വച്ച് 40 ഗ്രാം എംഡിഎംഎയും രണ്ട് കാറുകളും പിടികൂടിയിരുന്നു. റെയിഞ്ചിന്‍റെ കീഴിൽ മഫ്‌തിയിൽ സ്‌കൂൾ, കോളജ് എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുന്ന സ്ക്വാഡിന് ഇസ്‌മയിലിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. പ്രതിക്ക് ലഹരി ഉത്‌പന്നം എത്തിച്ചു കൊടുക്കുന്ന കേന്ദ്രത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.