കണ്ണൂര്‍ : ആഘോഷങ്ങള്‍ വേറിട്ടതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ പുതിയ ഉത്‌പന്നം അവതരിപ്പിച്ച് കണ്ണൂര്‍ കണ്ണപുരം സ്വദേശി പി വിഷ്‌ണുപ്രഭ. ചോക്ലേറ്റുകള്‍ നിറച്ച സ്‌പെഷ്യല്‍ ബോക്‌സുകളാണ് ഇവര്‍ തയ്യാറാക്കുന്നത്. കളര്‍ ചാര്‍ട്ടുകളിലാണ് സ്‌പെഷ്യല്‍ ബോക്‌സുകളുടെ നിര്‍മാണം.
സ്വയം നിര്‍മിച്ചെടുക്കുന്ന ലെയറുകളാണ് ഇതിന്‍റെ അടിത്തറ. ലെയറുകളില്‍ ചോക്ലേറ്റ് കൊണ്ട് നിറയ്‌ക്കും. അവസാനം വര്‍ണ റിബണ്‍ ഉപയോഗിച്ച് കെട്ടുന്നതോടെ ഗിഫ്‌റ്റ് ബോക്‌സ് തയ്യാര്‍.
ആറ് മാസത്തോളമായി വിഷ്‌ണുപ്രഭ ഈ രംഗത്തുണ്ട്. 'ഗിഫ്റ്റ് ഫ്രം ഹാര്‍ട്ട്' എന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലും വിഷ്‌ണുപ്രഭയുടെ സമ്മാനപ്പൊതി വൈറലാണ്. 3 ലെയറുള്ള ഒരു ഗിഫ്‌റ്റ് ബോക്‌സിന് 1,100 രൂപ മുതലാണ് വില.
പ്രത്യേകതയറിഞ്ഞ് ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്ന് പോലും ആവശ്യക്കാരെത്തുന്നുണ്ട്. ഫ്രൂട്ട്സ് ഡെക്കറേഷന്‍, ഗ്ലാസ് പെയിന്‍റിങ്, വാള്‍ പെയിന്‍റിങ് എന്നീ മേഖലകളിലും സജീവമാണ് വിഷ്‌ണുപ്രഭ. ബിസിനസ് രംഗത്തുള്ള ഭർത്താവ് രഞ്ജിത്തും വിഷ്‌ണുപ്രഭയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.