ബെംഗളൂർ യാത്രക്കാർക്ക് ഇരുട്ടടിയായി റെയിൽവേയുടെ പുതിയ തീരുമാനം. കണ്ണൂരിൽനിന്നു യശ്വന്ത്പുർ വരെ പോകുന്ന കണ്ണൂർ - യശ്വന്ത്പൂർ എക്സ്പ്രസ് ഇന്നുമുതൽ എട്ട് കിലോമീറ്റർ മുമ്പുള്ള ബാനസവാടി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. മലബാറിൽ നിന്നും ബെംഗളൂരുവിലേക്കുള്ള ഏക പ്രതിദിന ട്രെയിനാണ് കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ്. വടക്കൻകേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ബാംഗ്ലൂരിൽ എത്താൻ ആശ്രയിക്കുന്നതും ഇതേ ട്രെയിനിനെ ആണ്. എന്നാൽ ഈ ട്രെയിനാണ് ഇന്നുമുതൽ ബാനസവാടിയിൽ യാത്ര അവസാനിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചത്.
ബാനസവാടി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്നതോടെ യാത്രക്കാർക്ക് ബാംഗ്ലൂരിലേക്ക് എത്താൻ ഇനി ഏറെ പ്രയാസപ്പെടേണ്ടി വരും. താരതമ്യേന ചെറിയ സ്റ്റേഷനായ ബാനസവാടിയിൽനിന്ന് തുടർയാത്രക്കുള്ള വാഹനങ്ങൾ ലഭിക്കാൻ പ്രയാസമാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷം കേരളത്തിൽ നിന്നും ബെംഗളൂവിലേക്കുള്ള മറ്റു ട്രെയിനുകളിൽ യാത്ര അവസാനിപ്പിക്കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. അന്ന് യശ്വന്ത്പുർ എക്സ്പ്രസ്സിന് മാത്രമായിരുന്നു യശ്വന്ത്പുർ വരെ യാത്ര തുടരാൻ റെയിൽവേ അനുമതി നൽകിയിരുന്നത്. എന്നാൽ ഒരു വർഷം തികയും മുമ്പുതന്നെ യശ്വന്ത്പുർ എക്സ്പ്രസിനും ബാനസവാടിയിൽ യാത്ര അവസാനിപ്പിക്കേണ്ടി അവസ്ഥയാണ്.
യശ്വന്തപുർ എക്സ്പ്രസിന്റെ യാത്രയും ബാനസവാടിയിൽ അവസാനിക്കുന്നതോടെ മലബാറിലെ യാത്രക്കാർ ട്രെയിനിനെ കൈവിട്ട് ബസ്സിനെ ആശ്രയിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.