കണ്ണൂർ : എട്ട് പുസ്‌തകങ്ങള്‍ രചിച്ച സുരേഷ് ബാബു എന്ന കണ്ണൂരിലെ എഴുത്തുകാരന്‍റെ കൃതികളൊന്നും ബുക്‌സ്‌റ്റാളുകള്‍ വഴി വില്‍പ്പന നടത്തുന്നവയല്ല. വായനക്കാരുമായി സംവദിച്ച് വില്‍പ്പന നടത്തുന്നതാണ് ഇദ്ദേഹത്തിന് ഇഷ്ടം. വായനക്കാരുടെ നിര്‍ദേശങ്ങള്‍ നേരിട്ട് അറിയാനും എഴുത്തിൽ അതിനനുസൃതമായി മാറ്റം വരുത്താന്നും ഈ രീതി സഹായിക്കുമെന്നും ഇദ്ദേഹം പറയുന്നു.
സാമ്പത്തിക നേട്ടത്തിനപ്പുറം അക്ഷരങ്ങള്‍ വായനക്കാരിലേക്ക് നേരിട്ട് എത്തിക്കുകയാണ് സുരേഷ് ബാബുവിന്‍റെ ലക്ഷ്യം. കണ്ണൂർ ജില്ലയ്‌ക്ക് അകത്തും പുറത്തുമുള്ള സ്‌കൂളുകളിലും, സ്ഥാപനങ്ങളിലും നേരിട്ടെത്തിയാണ് സുരേഷിന്‍റെ പുസ്‌തക വില്‍പ്പന. സ്‌ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് സുരേഷ് ബാബുവിന്‍റെ ഭൂരിഭാഗം നോവലുകളും. അദ്ദേഹത്തിന്‍റെ പുതിയ രചനയായ 'ദീർഘ സുമംഗലീ ഭവഃ' പ്രകാശനത്തിന് ഒരുങ്ങുകയാണ്.
'പെണ്‍കുട്ടികളെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുകൊടുക്കുമ്പോള്‍ ജോലിയും നിറവും കുടുംബ മഹിമയും മാത്രം നോക്കിയാല്‍ പോര, അവരെ ജീവിതത്തിലെ ഏത് പ്രത്യാഘാതങ്ങളും നേരിടാനും ആത്മവിശ്വാസത്തോടെ മുന്നേറാനും പ്രാപ്‌തരാക്കുകയും കൂടി വേണം. ഈ താല്‍പര്യം ഓരോ രക്ഷിതാവിനും ഉണ്ടായിരിക്കണം' - എന്ന സന്ദേശമാണ് സുരേഷ് ബാബു വായനക്കാരോട് ഈ പുസ്‌തകത്തിലൂടെ പറയുന്നത്. നോവ്, ഞാന്‍ അഭിമന്യു, അരുതായ്‌മകള്‍, പ്രാര്‍ഥന, ഇദം നമ മ, ആള്‍ദൈവം, മഹാശയൻ എന്നിങ്ങനെ വേറിട്ട പ്രമേയങ്ങളില്‍ നോവലുകള്‍ എഴുതിയിട്ടുണ്ട് ഇദ്ദേഹം.
പാനൂരിനടുത്ത് ചെണ്ടയാട് സ്വദേശിയായ സുരേഷ് ബാബു റിട്ടയേഡ് പോസ്റ്റ് മാസ്റ്റര്‍ ആണ്. അക്രമരാഷ്‌ട്രീയത്തിൽ മേഖല കലുഷിതമായിരുന്ന ഘട്ടത്തില്‍ 1999 ഡിസംബര്‍ ഒന്നിന് ആളുമാറി ആക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട് ഈ ഗ്രന്ഥകാരന്. തന്‍റെ ജീവിതാനുഭവങ്ങളാണ് സൃഷ്‌ടികൾക്ക് ആധാരമാകുന്നതെന്ന് പറയുന്ന സുരേഷ് തന്‍റെ തൂലിക സമൂഹത്തിലേക്ക് നീളുന്ന ചൂണ്ടുവിരലായി എന്നും നിലകൊള്ളുമെന്നും ഉറക്കെ പ്രഖ്യാപിക്കുന്നു.