കണ്ണൂർ: തലശ്ശേരി നഗരത്തിലെ ജനങ്ങളുടെ പ്രശ്‌നമായ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. റെയിൽ പാളങ്ങൾക്കിടയിലെ അഴുക്കുചാലിന്‍റെ അഞ്ച് പൈപ്പുകളിലെയും ചെളി നീക്കം ചെയ്യാൻ നഗരസഭയും റെയിൽവെയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. തലശ്ശേരി വികസന വേദി വർക്കിംഗ് ചെയർമാൻ കെ.വി.ഗോകുൽദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് പ്രസിഡന്‍റ് ജവാദ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവെ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്‌ന പരിഹാരത്തിന് കളമൊരുങ്ങിയത്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൈപ്പ് ശുചീകരിക്കുക. പൈപ്പിനകത്ത് ഓക്‌സിജൻ സജ്ജീകരണം എത്തിക്കുന്ന എന്നതുൾപ്പടെയുള്ള വിഷയങ്ങളിൽ പാലക്കാട് റെയിൽവേ ഡിവിഷനൽ എഞ്ചിനീയർക്കും റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്കും തലശേരി നഗരസഭ ഉടൻ കത്ത് നൽകും. ചെളി കുടുങ്ങി കിടക്കുന്ന സ്ഥലങ്ങൾ നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണിയും റെയിൽവേ ഉദ്യോഗസ്ഥരും സന്ദർശിച്ചു. ചർച്ച വിജയകരമായിരുന്നുവെന്ന് ചെയർപേഴ്സൺ പറഞ്ഞു.
നഗരസഭയിലെ നാല് വാർഡുകളിലൂടെ കടന്നുപോകുന്ന മാലിന്യ ജലം മഴക്കാലമായാൽ നഗരത്തിലുടനീളം കയറുന്ന സ്ഥിതിയിലാകും. ഈ അവസ്ഥക്കാണ് തീരുമാനത്തിലൂടെ അവസാനമാകുന്നതെന്ന് വികസന വേദി വർക്കിംഗ് ചെയർമാൻ കെ.വി ഗോകുൽദാസ് പറഞ്ഞു.
ALSO READ: മയ്യഴി പുഴയില്‍ മാലിന്യം തള്ളി; നടപടി ആവശ്യപ്പെട്ട് പുഴ സംരക്ഷണ സമിതി