കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലെ കുപ്പം-ചാലത്തൂർ റോഡിനടുത്തുള്ള 10 ഏക്കർ വയലിൽ കൃഷി ഇറക്കാനാവാതെ കർഷകർ. വെള്ളം വയലിൽ കെട്ടിക്കിടക്കുന്നതിനാൽ രണ്ടു വർഷത്തോളമായി തരിശിട്ട നിലയിലാണ്. ഓവുചാൽ നിര്‍മ്മിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കാൻ നഗരസഭ ഇടപെടണം എന്നാണ് ആവശ്യം. കുപ്പം പുഴയിലേക്ക് ചേരുന്ന കരിമ്പാങ്കണി തോടിനോട് ചേർന്നാണ് വയലിൽ കൃഷി ചെയ്യാനാവാതെ കർഷകർ പ്രതിസന്ധിയിലായത്.
മഴക്കാലമായാൽ ചാലത്തൂർ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം മുഴുവനായും ഈ വയലിൽ എത്തി തോടിലൂടെയാണ് പുഴയിലേക്ക് ചേരേണ്ടത്. എന്നാൽ, തോട്ടിൽ മരങ്ങളും മറ്റും വീണതിനാൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. കൂടാതെ, ഓവുചാൽ ഇല്ലാത്തതിനാൽ വീടുകളിൽ നിന്നും എത്തുന്ന വെള്ളവും മാലിന്യവും അടക്കം വയലിലാണ് എത്തിച്ചേരുന്നത്. ഇതൊക്കെ കാരണം 10 ഏക്കറോളം സ്ഥലത്ത് രണ്ടു വർഷമായി കർഷകർക്ക് കൃഷി ഇറക്കാൻ സാധിക്കുന്നില്ല.
ALSO READ: എടപ്പാൾ മേൽപ്പാല നിർമ്മാണം അടിയന്തര പ്രധാന്യത്തോടെ പൂർത്തീകരിക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
വീടുകളിൽ നിന്നും മറ്റും എത്തിച്ചേരുന്ന വെള്ളം തോട്ടിലേക്ക് ചേരുന്നതിനായി ഓവുചാല്‍ നിർമ്മിച്ചു ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം. വെള്ളം വയലിൽ എത്താനാവാതെ തോട് വഴി പുഴയിലേക്ക് ചേരുന്നതിനു സൗകര്യം ഒരുക്കിയാൽ വയലിൽ കൃഷി ഇറക്കാൻ സാധിക്കും. കൂടാതെ മാലിന്യം വയലിൽ എത്തുന്നതിനുള്ള പരിഹാരവും ഇതിലൂടെ കാണാൻ പറ്റും. അടിയന്തരമായി ഇതിനുള്ള നടപടികൾ നഗരസഭ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.