കണ്ണൂര്‍ : ലോക്ക്ഡൗണിൽ നിലച്ച പറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നു. മെയ് മാസം അടച്ചിട്ട ജലഗതാഗതം ഓണത്തോടനുബന്ധിച്ചാണ് തുറന്നത്.
യാത്രാബോട്ടുകൾ പുനരാരംഭിച്ചതോടെ ജനങ്ങൾ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കണ്ണൂരിലെ ടൂറിസം മേഖലയ്‌ക്ക് ഉണർവ് പകരുന്നതുമാണ് നടപടി.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെത്തുന്ന ജനങ്ങളാണ് കൂടുതലായും ബോട്ട് സർവീസുകളെ ആശ്രയിക്കുന്നത്. മെയ് മാസം അമ്പലം അടച്ചതോടെയാണ് ജലഗതാഗതം അടച്ചത്.
സര്‍വീസുമായി ടൂറിസം വകുപ്പിന്‍റെ മൂന്ന് ബോട്ടുകള്‍
കേരളത്തിൽ നിർമിച്ച രണ്ടാമത്തെ വാട്ടർ ടാക്‌സിയായിരുന്നു പറശ്ശിനിക്കടവിലേക്ക് കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അനുവദിച്ചത്. റെക്കോര്‍ഡ് വരുമാനമാണ് ഇതിലൂടെ ലഭിച്ചത്.
ലോക്ക്‌ഡൗൺ ആരംഭിച്ചതോടെ ഓട്ടം നിർത്തേണ്ടി വന്നതിനാല്‍ സാങ്കേതിക പ്രശ്നങ്ങൾകൊണ്ട് എൻജിൻ മാറ്റേണ്ടി വന്നു. ഓണത്തോടാനുബന്ധിച്ച് തുറന്നതിനാൽ ജനങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ ജലഗതാഗതം സജീവമാകുമെന്നാണ് പ്രതീക്ഷ. സ്വകാര്യ ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളും പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് പ്രവർത്തനം പുനരാരംഭിച്ചു.
മാസങ്ങൾക്ക് മുൻപ് ആരംഭിച്ച ജലറാണി ബോട്ടും ഓടിത്തുടങ്ങി. ടൂറിസം വകുപ്പിന്‍റെ മൂന്ന് ബോട്ടുകളാണ് ഇവിടെയുള്ളത്.
കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതിനെ തുടര്‍ന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തില്‍ ദർശനം ആരംഭിച്ചതിനാല്‍ യാത്രക്കാർ വർധിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് ബോട്ട് ജീവനക്കാര്‍.
ALSO READ: കോട്ടയത്ത് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ ; നല്‍കിയത് 770 പേര്‍ക്ക്