കണ്ണൂർ: മലബാറിന്‍റെ ടൂറിസം മേഖലക്ക് കരുത്ത് പകര്‍ന്ന് ഇന്ത്യയിലെ മൂന്നാമത്തെ വാട്ടര്‍ ടാക്‌സി ബോട്ട് തച്ചോളി ഒതേനന്‍ പറശ്ശിനിക്കടവിൽ നീറ്റിലിറങ്ങി. മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കേരള ടൂറിസം വകുപ്പിന്‍റെ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പറേഷന്‍ മുഖേന രൂപകല്‍പന ചെയ്‌തതാണ് വാട്ടര്‍ ടാക്‌സി. ആറ് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ശീതീകരിച്ച വാട്ടര്‍ ടാക്‌സിയാണിത്.
മലബാറിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ വിദേശികള്‍ക്കും തദ്ദേശീയര്‍ക്കും സാധിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പന ചെയ്‌തിരിക്കുന്നത്. അനുഷ്ഠാന കലാരൂപമായ തെയ്യം, തിറ, ചെണ്ട തുടങ്ങിയവ ഉപയോഗിച്ച് ബോട്ടിന് നിറചാര്‍ത്ത് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനകം ആറ് ബോട്ടുകള്‍ കൂടി പറശ്ശിനിക്കടവില്‍ എത്തും. കൂടുതല്‍ ബോട്ട് സര്‍വീസുകള്‍ തുടങ്ങുന്നതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ജലാശയങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസ് ആരംഭിക്കും.
ജയിംസ് മാത്യു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജ മൈലവരപ്പ്, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, ആന്തൂര്‍ നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ കെവി പ്രേമരാജന്‍, പിപി ദിവാകരന്‍ തുടങ്ങിയവർ സംബന്ധിച്ചു.