കണ്ണൂര്‍: കനത്ത മഴയില്‍ കുപ്പം പുഴയും വളപട്ടണം പുഴയും കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. കുറുമാത്തൂരിൽ 140 പേരെ മാറ്റിപ്പാർപ്പിച്ചു. പറശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ നിരവധി വീടുകളിലും കടമുറികളിലും വെള്ളം കയറി. കടകളിലെ സാധന സാമഗ്രികൾ പഞ്ചായത്ത് അധികൃതരെത്തിയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്.
കുപ്പം പുഴയുടെ ഇരുകരകളിലുമായി താമസിക്കുന്ന ഇരുപതോളം പേരെ മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ചപ്പാരപ്പടവ് ടൗണിലെ നിരവധി കടകളിലും വെള്ളം കയറിയിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. തളിപ്പറമ്പ് നഗരസഭാ, പരിയാരം പഞ്ചായത്ത്, പട്ടുവം പഞ്ചായത്ത്, ആന്തൂർ നഗരസഭാ, കുറുമാത്തൂർ പഞ്ചായത്ത് പരിധികളിൽ നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.