കണ്ണൂര്‍ : മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിച്ച് അതിൽ നിന്നും വരുമാന മാർഗം കണ്ടെത്തുകയാണ് തളിപ്പറമ്പ് നഗരസഭ. ഹരിത കർമ സേനയുടെ കരിമ്പത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് എത്തിക്കുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി അത് പൊതുജങ്ങളിലേക്കെത്തിക്കും.
കേന്ദ്രസർക്കാരിന്‍റെ നിതി ആയോഗ് റിപ്പോർട്ടിൽ, കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാനുള്ള ഏറ്റവും മികച്ച മാതൃകയായി തെരഞ്ഞെടുത്തതും തളിപ്പറമ്പ് നഗരസഭയെയാണ്. പൊതുജനങ്ങൾക്ക് ഇതിന്‍റെ സേവനം കൂടുതൽ ലഭിക്കാൻ ഹെല്‍പ്പ് ലൈന്‍ കൂടി ആരംഭിച്ചിട്ടുണ്ട്.
മാർക്കറ്റിൽ നിന്നുള്ള പഴം - പച്ചക്കറി മാലിന്യങ്ങളൊക്കെ വളമാക്കി വരുമാനം കണ്ടെത്തുകയാണിപ്പോൾ നഗരസഭ. 2018 മുതൽ 'നെല്ലിക്ക' എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് നിർമൽ ഭാരത് ട്രസ്റ്റ് എന്ന ഏജൻസി വഴിയാണ് ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കി വരുന്നത്. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന ജൈവ -അജൈവ മാലിന്യങ്ങൾ എല്ലാം ശേഖരിച്ച് കരിമ്പം ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് എത്തിക്കുന്നത്.
Also Read: ഉപ്പിലൂടെ സാമ്രാജ്യത്വത്തെ വിറപ്പിച്ച ഉളിയത്തുകടവ്
സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾക്ക് വിധേയമായി ഹരിത കർമസേന അംഗങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തിയാണ് മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നത്. ജൈവ- അജൈവ മാലിന്യങ്ങൾ വേർതിരിച്ച് പഴം-പച്ചക്കറി തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ സംസ്കരിച്ചാണ് വളമുണ്ടാക്കുന്നത്.
അതിനായി ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഷ്രെഡ്ഡിങ് മെഷീനുകളും നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ അവശിഷ്ടങ്ങൾ ഇട്ട് പൊടിയാക്കി മാറ്റും. പിന്നീട് ആ പൊടി ഉണക്കി മൂന്നാഴ്ച കൊണ്ട് വളമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ഇനോക്കുലർ, ചകിരിച്ചോറ് എന്നിവയും വളത്തിനൊപ്പം ചേർക്കുന്നുണ്ട്. ആവശ്യക്കാർ നഗരസഭ ഹരിത കർമ സേനയുമായി ബന്ധപ്പെട്ടാൽ ആവശ്യമുള്ള അളവില്‍ ഇവർ വളം എത്തിച്ചുനൽകും.