കണ്ണൂർ: കനത്ത മഴയിൽ തളിപ്പറമ്പ് പരിയാരം ചിതപ്പിലെ പൊയിലിൽ കനത്ത നാശനഷ്‌ടം. മൂന്നു വീടുകളുടെ മതിലുകൾ തകർന്നു. തിങ്കളാഴ്‌ച രാത്രി പെയ്‌ത മഴയിലാണ് വീടുകളുടെ മതിലുകൾ ഇടിഞ്ഞുവീണത്. അപകടത്തിൽ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ചിതപ്പിലെ പൊയിൽ- കുറ്റ്യേരിക്കടവ് റോഡിൽ 700 മീറ്ററിനുള്ളിൽ മൂന്നു വീടുകളുടെ മതിലുകളാണ് തകർന്നത്. സംഭവത്തിൽ ചന്ദ്രൻ പണിക്കരുടെ വീട്ടുമതിൽ പൂർണമായും തകർന്നിട്ടുണ്ട്. മുറ്റത്തെ മണ്ണ് ഒലിച്ചുപോയതോടെ വീടും അപകടാവസ്ഥയിൽ ആണ്.
എം.അബ്ദുൽ ബഷീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ മതിലും തകർന്നു. കൂടാതെ, പി.വി. അലീമയുടെ വീട്ടുമതിലും ഇടിഞ്ഞു വീണു. ഈ വീടുകളുടെ മുമ്പിലുള്ള റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി കുഴിയെടുത്തിരുന്നു. മതിലുകളോട് ചേർന്നാണ് കുഴിയെടുത്തത്. പൈപ്പ് ലൈനായി എടുത്ത കുഴി, മെറ്റലിട്ട് അടക്കാത്തതും മതിൽ ഇടിയാൻ കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വീടുകൾക്ക് മുമ്പിലുള്ള റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകാറുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ മതിലുകളിൽ അവശേഷിക്കുന്ന കല്ലുകൾ റോഡിലേക്ക് വീഴാനും അങ്ങനെ വൻ അപകടം ഉണ്ടാകാനും വഴിയൊരുക്കും. അതിനാൽ തന്നെ അടിയന്തരമായി ഇടപെട്ട് വാട്ടർ അതോറിറ്റി അധികൃതർ കുഴി മൂടണമെന്നും മതിലുകൾ പുനർ നിർമിച്ച് നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.