കണ്ണൂര്‍: കൃഷിയെ സ്‌നേഹിക്കുന്ന യുവതലമുറക്ക് മാതൃകയായിരിക്കുകയാണ് മയില്‍ വള്ളിയോട്ടെ യുവ കര്‍ഷകനായ വിനോദ്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന വിനോദ് ആ ജോലി ഉപേക്ഷിച്ചിട്ടാണ് കൃഷിയില്‍ ജീവിത വിജയം കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാട് മൂടി കിടന്ന ഒന്നര ഏക്കര്‍ സ്ഥലം ഇന്ന് വിവിധ കൃഷികള്‍ കൊണ്ട് സമ്പന്നമാണ്.
അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാറിന്‍റെ ജന്തു ക്ഷേമ പുരസ്‌കാരവും വിനോദിന് സ്വന്തമാക്കാനായിട്ടുണ്ട്. 2017ലാണ് സ്വകാര്യ ബസിലെ ജോലി ഉപേക്ഷിച്ച് മയില്‍ വള്ളിയോട്ടിലെ ഒന്നര ഏക്കറില്‍ വിനോദ് കൃഷി തുടങ്ങിയത്. കോഴി വളര്‍ത്തലാണ് വിനോദിന്‍റെ പ്രധാന കൃഷി.
മുണ്ടയാട് കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് വിനോദ് ഫാമിലേക്ക് കോഴി കുഞ്ഞുങ്ങളെ വാങ്ങിക്കുന്നത്. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ഫാമിലെത്തി അതീവ ശ്രദ്ധയോടെ നോക്കി വളര്‍ത്തും. തുടര്‍ന്ന് 45 ദിവസം പ്രായമാകുമ്പോള്‍ ഇവയെ തിരിച്ച് നല്‍കും. വെറും 22 രൂപയ്ക്ക് വാങ്ങിക്കുന്ന കോഴി കുഞ്ഞുങ്ങളെ 45 ദിവസം കഴിഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തുന്നതോടെ 120 രൂപക്കാണ് തിരികെ നല്‍കുക.
ഇത്തരത്തില്‍ മൂവായിരത്തോളം കോഴികുഞ്ഞുങ്ങളെയാണ് വിനോദ് ഫാമില്‍ വളര്‍ത്തുന്നത്. കോഴി വളര്‍ത്തലിന് പുറമെ ആട്, പശു എന്നിവയുമുണ്ട് വിനോദിന്‍റെ ഫാമില്‍. നാടന്‍ ഇനത്തില്‍പ്പെട്ട 25 ലധികം ആടുകളാണ് ഫാമിലുള്ളത്. മാത്രമല്ല ആടിനും പശുവിനും തീറ്റ നല്‍കാനുള്ള തീറ്റപ്പുലും ഫാമില്‍ തന്നെയാണ് കൃഷി ചെയ്യുന്നത്.
പശുവിന്‍റെ ചാണകം ഉണക്കി പൊടിച്ച് വില്‍പന നടത്തുന്ന രീതിയും ഇവിടെ പ്രാവര്‍ത്തികമാക്കുന്നുണ്ട്. ആടിനും പശുവിനും പുറമെ മുയലും ടര്‍ക്കിയുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൃഗങ്ങളുടെ എണ്ണം കുറക്കുയായിരുന്നു. കൊവിഡ് നഷ്‌ടപ്പെടുത്തിയ ഫാമിന്‍റെ പഴയ പ്രതാപം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ വിനോദ്.
കൃഷിയില്‍ വിനോദിനെ സഹായിക്കാനായി സഹോദരന്‍ വിജീഷും കൂടെയുണ്ട്. പഞ്ചായത്തും കൃഷി വകുപ്പും വിനോദിന്‍റെ കൃഷിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. എന്നാലും കോഴിത്തീറ്റയുടെയും കാലിത്തീറ്റയുടെയും വിലക്കയറ്റമാണ് കൃഷിക്ക് തിരിച്ചടിയാവുന്നത്.