കണ്ണൂർ : കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം. കാടാച്ചിറ സ്‌കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021ൽ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. സുധാകരന്‍റെ ഭാര്യ സ്‌മിതയുടെ സ്വത്ത് വിവരങ്ങൾ ഉൾപ്പടെ വരുമാനവും അക്കൗണ്ടുകളും പരിശോധിക്കാൻ ആണ് വിജിലൻസ് ഒരുങ്ങുന്നത്.
സുധാകരന്‍റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത് പുതിയ അന്വേഷണം അല്ലെന്നും 2021ലെ തുടങ്ങിയതാണെന്നും വിജിലൻസ് സ്പെഷ്യൽ സെൽ അറിയിച്ചു. സ്പെഷ്യൽ അസി. കമ്മിഷണർ അബ്‌ദുൽ റസാക്കിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
കോഴിക്കോട് വിജിലൻസ് യൂണിറ്റ് ആണ് സുധാകരന്‍റെ വരുമാന സ്രോതസ്സിനെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതിന്‍റെ ആദ്യപടിയെന്ന നിലയിൽ ഭാര്യ സ്‌മിതയുടെ ശമ്പള വിവരങ്ങൾ തേടി സ്‌കൂൾ പ്രിൻസിപ്പാളിന് നോട്ടിസ് അയച്ചു. കണ്ണൂർ കാടാച്ചിറ ഹൈസ്‌കൂൾ പ്രധാന അധ്യാപകനാണ് നോട്ടിസ് അയച്ചത്.
സുധാകരന്‍റെ പ്രധാന വീക്‌നസ് പണം ആണെന്ന് വിജിലൻസ് കേസിന് ആധാരമായ പരാതിക്കാരനും കെ സുധാകരന്‍റെ മുൻ ഡ്രൈവറുമായ പ്രശാന്ത് ബാബു കുറ്റപ്പെടുത്തി. വനം മന്ത്രിയായ ശേഷം കെ സുധാകരൻ നിരന്തരം അഴിമതി നടത്തിയിരുന്നു. ഇത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്‍റണിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അന്വേഷണം നടത്താം എന്ന് പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ലെന്നും പ്രശാന്ത് ബാബു അറിയിച്ചു.
രാജാസ് സ്‌കൂൾ ഏറ്റെടുക്കലുമായി നടന്നത് വലിയ അഴിമതി ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2021ലാണ് പ്രശാന്ത് ബാബു പരാതി നൽകിയത്. നാളെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട് എന്നും പ്രശാന്ത് അറിയിച്ചു.
ഓലപ്പാമ്പിനെ കാണിച്ചാൽ ഭയക്കില്ലെന്ന് എം വി ഗോവിന്ദൻ : കെ സുധാകരന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. ഓലപ്പാമ്പിനെ കാണിച്ചാൽ ഭയക്കുന്ന പ്രസ്ഥാനമല്ല സി പി എമ്മും ദേശാഭിമാനിയുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തനിക്കെതിരെ നടത്തിയ പോക്സോ പരാമർശത്തിൽ മാനനഷ്‌ടക്കേസ് കൊടുക്കുമെന്ന സുധാകരന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശാഭിമാനിക്കെതിരെയും കേസ് കൊടുക്കുമെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുധാകരന് എതിരെയുള്ള കേസിനെ പ്രതിപക്ഷം രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നതിൽ അർഥമില്ല. തട്ടിപ്പ്, വഞ്ചന കേസുകൾ എങ്ങനെയാണ് രാഷ്ട്രീയമായി നേരിടുകയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
പോക്സോ കേസിലെ പ്രതി മോൻസൺ അടുത്ത സുഹൃത്താണെന്ന് കെ സുധാകരൻ പറയുന്നു. കെ സുധാകരൻ മോൻസണെ തള്ളിപ്പറയാത്തത് രഹസ്യങ്ങൾ പുറത്ത് വിടുമെന്ന ഭയം മൂലമാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
തനിക്കെതിരെ, താൻ പറഞ്ഞതിൽ കൂടുതൽ കാര്യങ്ങൾ സുധാകരൻ തന്നെ പറഞ്ഞിട്ടുണ്ട്. തെളിവുകൾ എല്ലം സുധാകരന് എതിരാണ്. ഇതിൽ രാഷ്ട്രീയ പകപോക്കൽ ഒന്നുമില്ലെന്നും ജനങ്ങളുടെ മുൻപിൽ കെപിസിസി അധ്യക്ഷൻ പരിഹാസ്യനായി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.