കണ്ണൂർ: കണ്ണൂരിലെ കുഞ്ഞിമംഗലം എന്ന കുഞ്ഞു ഗ്രാമത്തിന്‍റെ പെരുമ ഇനി കൊച്ചി കപ്പല്‍ ശാലയിലും. കപ്പല്‍ ശാലയുടെ അമ്പതാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന വെങ്കല ശില്‍പ്പം ഒരുങ്ങുന്നത് കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമത്തിലാണ്(Venkalashilpam ).
32 അടി ഉയരവും 8 ടൺ ഭാരവുമുള്ള ലോഹ ശില്പമാണ് ഇവിടെ ഒരുക്കുന്നത്. കപ്പൽശാലയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ടെറാമാരിസ് എന്ന് പേരിട്ട ശില്പം സ്ഥാപിക്കുന്നത്. 12 അടി നീളവും 8 അടി വീതിയും അഞ്ചടി ഉയരവും വരുന്ന കരിങ്കൽ തറയിൽ ഒന്നരയടി വ്യാസമുള്ള ലോഹ ഗോളത്തിലാണ് എൻജിനീയറിങ് മികവിൽ ശില്പം നിർമ്മിക്കുന്നത്.
ഗോളത്തിനു മുകളിൽ അർദ്ധഗോള രൂപത്തിൽ ഭൂമി, തുടർന്ന് കടലിന്റെ പ്രതീകമായി മറ്റൊരു അർദ്ധഗോളം, പിന്നെ തിരമാലയും അതിൽ നങ്കൂരമിട്ടു നിൽക്കുന്ന കപ്പലുമാണ് ശിൽപത്തിന്റെ ഭാഗങ്ങൾ. ഇവ പ്രത്യേകം നിർമ്മിച്ചു സ്ഥാപിക്കുമ്പോൾ കൂട്ടിച്ചേർക്കുകയാണ് ചെയ്യുക(Cochin shipyard 50th anniversary ). ഷിപ്പ്‌യാർഡിന്റെ സാങ്കേതിക മികവിന്റെ പ്രതിഫലനം കൂടിയാണ് ടെറാമാരിസ് ശില്പം.
ടെറാമാരിസ് എന്ന ഗ്രീക്ക് വാക്കിന് കടലിൽ നിന്നുയർന്ന നിലം എന്നാണർത്ഥം(toromaris). 800 വർഷത്തിലേറെ പഴക്കമുള്ള വെങ്കല പൈതൃക ഗ്രാമമായ കുഞ്ഞിമംഗലത്ത് പരമ്പരാഗത രീതിയിലാണ് ശില്പികളുടെ കൂട്ടായ്മയിൽ നിർമ്മാണം പുരോഗമിക്കുന്നത്. സ്റ്റീൽ, ചെമ്പ്, ഓട് എന്നിവ കൊണ്ടാണ് നിർമ്മാണം. സ്റ്റീലുമായി ബന്ധപ്പെട്ട പണികൾ സി ഉത്തമൻ, വിവി വിജയൻ, എസ് ശിവദാസൻ എന്നീ ശില്പികളുടെ നേതൃത്വത്തിൽ നാലുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്. കൊത്തുപണികൾ ലോഹ കലാകാരന്മാരായ വിവി രാധാകൃഷ്ണൻ, വിഎസ് രാജൻ, അനിൽ ചെങ്ങളേത് എന്നിവരുടെ മേൽനോട്ടത്തിൽ ആണ് ചെയ്യുന്നത്.
ലോഹ ഗോളം കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമം സെക്രട്ടറി കൂടിയായ പി വത്സന്‍റെ നേതൃത്വത്തിൽ വിവി ശശിധരൻ, പി രവി, കെവി രാജൻ എന്നിവർ ചേർന്നാണ് തയ്യാറാക്കുന്നത്. 2023 ആഗസ്ത് 16 നാണ് ശില്പത്തിന്‍റെ പണി ആരംഭിച്ചത്.
2022ൽ അമ്പതാം വാർഷിക ആഘോഷ ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനാവാൾ ആണ് ലോഹ ശില്പ രൂപകല്പനയുടെ ഡിജിറ്റൽ വീഡിയോ പ്രകാശനം ചെയ്തത്. ശില്പം രൂപകൽപ്പന ചെയ്തത് ആലുവ സ്വദേശി മരപ്രഭു രാമചന്ദ്രൻ ആണ്. ആയിരത്തിലേറെ വർഷം നിലനിൽക്കുന്ന ഈ ലോഹശില്പം ഭാരതീയ ശില്പ കലയ്ക്കും കേരളത്തിനും അഭിമാനകരമായി മാറുമെന്നുറപ്പാണ്.
Also Read: ആറ് മാസത്തെ കഠിനാധ്വാനം, 120 കിലോ തൂക്കം ; കുഞ്ഞിമംഗലത്ത് ഏറ്റവും വലിയ ദശാവതാര വിളക്ക് ഒരുങ്ങി