കണ്ണൂർ : വീട്... എല്ലാവരുടെയും സ്വപ്‌നമാണ് സ്വർഗതുല്യമായ ഒരു ഭവനം. കണ്ണൂർ കല്ല്യാശേരിയിലിതാ വേറിട്ട ഒരു സ്വപ്‌ന ഭവനമാണ് പടുത്തുയർത്തിയിരിക്കുന്നത്. ആരുകണ്ടാലും ഒന്ന് നോക്കിപ്പോകുന്ന വീട്.
കല്ല്യാശേരിക്കടുത്തുള്ള പ്രഭാകരൻ നമ്പ്യാരുടെ വീട് വേറിട്ട ഒരു കാഴ്‌ചയാണ് സമ്മാനിക്കുന്നത് (Variety House In Kannur). പുറമേ നിന്ന് നോക്കിയാൽ വൻ മുതൽ മുടക്കിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന വീടിന്‍റെ കഥ കേട്ടാൽ ആരുമൊന്ന് ഞെട്ടും (Kannur Native Prabhakaran Nambiar variety House). ഫാനിന്‍റേയോ എസിയുടേയോ ഉപയോഗമില്ലാതെ തന്നെ അന്തരീക്ഷ ഊഷ്‌മാവ് നാല് ഡിഗ്രി സെൽഷ്യസ് വരെ കുറക്കാം എന്നതാണ് വീടിന്‍റേതായി ആദ്യം എടുത്തുപറയേണ്ട സവിശേഷത.
ചെങ്കല്ല് കൊണ്ട് രൂപപ്പെടുത്തിയത് എന്ന് തോന്നാവുന്ന മതിൽ... പക്ഷേ, നിർമിച്ചത് കലാകാരന്മാരുടെ സൃഷ്‌ടിയിലൂടെയാണ്. പിന്നീട് അകത്തേക്ക് കടന്നാൽ ഓരോ അദ്‌ഭുതങ്ങളും ആ വീട് നമുക്ക് കാട്ടിത്തരും. നിരവധി കലാകാരന്മാർ കയ്യൊപ്പ് ചാർത്തിയ വീട് എന്ന പ്രത്യേകതയും പ്രഭാകരൻ നമ്പ്യാരുടെ ഭവനത്തിനുണ്ട്. ജയദേവൻ മോറാഴയുടെ നേതൃത്വത്തിലാണ് ആർട്ട് വർക്കുകൾ നടത്തിയത്.
മൂന്ന് വാട്ടര്‍ ഫൗണ്ടൈനുകളും നടുമുറ്റവും ടെറസും ഉദ്യാനവും ഉൾക്കൊള്ളുന്നതാണ് വീട്. ഗൃഹത്തിനകത്തുള്ള ഫൗണ്ടൈനുകളാണ് താപനില ക്രമീകരിക്കുന്നത്. ടെറസിൽ തയ്യാറാക്കിയ ഗാർഡനാണ് മറ്റൊരു പ്രത്യേകത. സ്ഥലം ലാഭിക്കാൻ വേണ്ടി ഓരോ സൺഷെയ്‌ഡുകളും ഓരോ ബാൽക്കണികൾ ആക്കി. തീർന്നില്ല പ്രാർഥന മുറിക്കും ഉണ്ട് പ്രത്യേകതകൾ ഏറെ. ഒരു കോടിയിലേറെ രൂപ ചെലവ് വരുന്ന വീടാണ് 50 ലക്ഷത്തിനടുത്ത് രൂപയില്‍ അദ്ദേഹം ഒരുക്കിയത്.
മഴവെള്ളം സ്വീകരിക്കാൻ കഴിയുന്ന സംഭരണിയും ഇതിന്‍റെ ഭാഗമായി വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. പക്ഷേ, കാഴ്‌ചക്കാർക്ക് ഒറ്റനോട്ടത്തിൽ പൂന്തോട്ടമായേ ഇത് തോന്നുകയുള്ളൂ. മൂന്ന് ഫൗണ്ടൈനുകളിലെ വെള്ളവും റീസൈക്ലിങ്ങിലൂടെയാണ് ഒരുക്കിയിട്ടുള്ളത്. സിമന്‍റ് കുറച്ചുകൊണ്ട് ഒരുക്കിയ വീടിന്‍റെ നിർമാണത്തിന് ഉപയോഗിച്ചത് വൈറ്റ് റോക്‌സ് എന്ന മിശ്രിതമാണ്. ചൂടുകുറയ്ക്കുന്നതിൽ ഇതും പ്രധാന കാരണമായിട്ടുണ്ട്.
'ഇതൊരു വേറിട്ട വീടായിരിക്കണം...': കലാസൃഷ്‌ടികളോട് ഏറെ താത്‌പര്യം പുലർത്തുന്ന പ്രഭാകരൻ നമ്പ്യാർ വീട് പണി തുടങ്ങുമ്പോൾ എല്ലാ തൊഴിലാളികളോടും പറഞ്ഞത് ഇതായിരുന്നു. എങ്കിലും അതിനെ കുറിച്ചൊന്നും പ്രഭാകരൻ നമ്പ്യാർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. പക്ഷേ, തൊഴിലാളികൾ അക്ഷരം പ്രതി അനുസരിച്ചു. വീട്ടുടമയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സ്വന്തമായുള്ള പരീക്ഷണത്തിലൂടെ ആണ് ഓരോ പ്രവർത്തിയും പൂർത്തീകരിച്ചതെന്ന് തൊഴിലാളിയായ പി സുരേഷ് പറഞ്ഞു.
ക്വാളിറ്റി ഉള്ള മരങ്ങളും വസ്‌തുക്കളും തന്നെയാണ് വീട് നിർമാണത്തിനായി ഉപയോഗിച്ചതെന്നും ആദ്ദേഹം വ്യക്തമാക്കി. പഴയ തറവാട് മുറ്റങ്ങളേയും സങ്കൽപ്പങ്ങളേയും ആരാധിക്കുന്ന പ്രഭാകരൻ നമ്പ്യാർ മഴത്തുള്ളി പോലെ വെള്ളം ഇറ്റുവീഴുന്ന തന്‍റെ വീടിന്‍റെ നടുമുറ്റത്ത് നിന്ന് പുതിയ വീട്ടിലെ ആദ്യ രക്ഷാബന്ധൻ മഹോത്സവം ആദ്ദേഹം കുടുംബത്തോടൊപ്പം ആഘോഷിച്ചു. ടാറ്റാ ഗ്രൂപ്പിലെ ജീവനക്കാരനായിയുന്ന പ്രഭാകരൻ നമ്പ്യാരുടെ വലിയ സ്വപ്‌നമാണ് പൂർത്തീകരിക്കപ്പെട്ടത്.