കണ്ണൂർ: സ്വതന്ത്രസമരസേനാനിയും എഴുത്തുകാരനുമായ വി പി അപ്പുക്കുട്ട പൊതുവാളിന് പത്മശ്രീ ലഭിച്ചു. ഗാന്ധിയേയും ഖാദിയേയും കൂട്ടുപിടിച്ച ജീവിതമാണ് വി പി അപ്പുക്കുട്ട പൊതുവാളിന്‍റേത് (99). പരേതരായ കരിപ്പത്ത് കമ്മാരപ്പൊതുവാളുടെയും വി പി സുഭദ്രാമ്മയുടെയും മകനായി 1923 ഒക്ടോബർ 9നാണ് ജനനം.
സ്വതന്ത്രസമരസേനാനി, ഖാദിപ്രചാരകൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിൽ അദ്ദേഹം സാന്നിധ്യം അറിയിച്ചു. 1930ന് ഉപ്പുസത്യാഗ്രഹ ജാഥ നേരിട്ടുകണ്ടത് സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമാകുന്നതിലേക്കും നയിച്ചു. 1934 ജനുവരി 12ന് ഗാന്ധിജിയെ കാണാനും പ്രസംഗം കേൾക്കാനും ഇടയായത് ജീവിതത്തിലെ വഴിത്തിരിവായി. 1942ൽ വി പി ശ്രീകണ്‌ഠപൊതുവാളെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്‌തതോടെ സമര രംഗത്ത് സജീവമായി.
സമരസമിതിയുടെ നിർദേശാനുസരണം പിന്നണിയിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാർഥി വിഭാഗത്തിന്‍റെ നേതൃത്വം ഏറ്റെടുത്തു. പ്രവർത്തനങ്ങളെ തുടർന്ന് 1943ൽ അറസ്റ്റിലായെങ്കിലും തെളിവില്ലാത്തതിന്‍റെ പേരിൽ തലശ്ശേരി കോടതി വിട്ടയച്ചു. 1944ൽ അഖില ഭാരതീയ ചർക്കസംഘത്തിന്‍റെ കേരള ശാഖയിൽ ചേർന്നു പ്രവർത്തിച്ചു.
1957ൽ കെ കേളപ്പൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാളും രാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദി പ്രവർത്തനങ്ങളിലും സജീവമായി. 1947 മുതൽ മദിരാശി സർക്കാരിനു കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദി കേന്ദ്രത്തിന്‍റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചു. വിനോഭഭാവെ, ജയപ്രകാശ് നാരായണൻ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിലും പങ്കാളിയായി.
Also read: ഗാന്ധിയന്‍ വിപി അപ്പുക്കുട്ടന്‍ പൊതുവാളിന് പദ്‌മശ്രീ ; ദിലീപ് മഹലനാബിസിന് പദ്‌മവിഭൂഷണ്‍