കണ്ണൂർ : എ ഐ ക്യാമറ വിവാദത്തിൽ എസ് ആർ ഐ ടിയുടെ വക്കീൽ നോട്ടിസിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷം. കരാര്‍ കിട്ടിയ എസ്ആർഐടി, ആരോപണം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടിസിന് കൃത്യമായ മറുപടി അയച്ചിട്ടുണ്ട്. അഴിമതി വിഷയത്തിൽ മൗനം തുടരുന്ന മുഖ്യമന്ത്രിയും സർക്കാരും, വഴിവിട്ട് കരാർ നൽകിയ കമ്പനിയെ കൊണ്ട് തന്നെയും രമേശ് ചെന്നിത്തലയെയും ഭീഷണിപ്പെടുത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
എ ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ വിടാതെ പിന്തുടരുകയാണ് പ്രതിപക്ഷം. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനിൽക്കുമെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആക്ഷേപങ്ങള്‍ ഉയര്‍ത്തിയതെന്നും വി ഡി സതീശൻ വ്യക്തമാക്കി. പ്രതിപക്ഷം ചോദിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നൽകിയില്ല. ടെൻഡറിൽ എസ് ആർ ഐ ടി മറ്റ് രണ്ട് കമ്പനികളുമായി ചേർന്ന് മത്സരിച്ചുവെന്നും വൻ തുകയ്‌ക്കാണ് ടെൻഡർ നേടിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എല്ലാ നിബന്ധനകളും അട്ടിമറിച്ചാണ് ഉപകരാർ നേടിയത്. എസ് ആർ ഐ ടി നോക്കുകൂലി മേടിച്ച് മാറി നിൽക്കുകയാണ്. പ്രസാദിയോ ആണ് കാര്യങ്ങൾ നടത്തുന്നത് എന്നും മുഖ്യമന്ത്രിയുമായി ഉള്ള ബന്ധമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ഖജനാവില്‍ നിന്ന് പണം നഷ്‌ടമായിട്ടില്ലെന്ന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്നും വി ഡി സതീശൻ ചോദിച്ചു.
വിഷയത്തിൽ നിയമപരമായ നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എ ഐ ക്യാമറ വിവാദത്തിൽ അഴിമതി കഥകൾ കൂടുതൽ പുറത്തുവന്നാൽ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഞ്ഞടിച്ചു. കഴിഞ്ഞ കാലത്തെ സർക്കാരിന്‍റെ അഴിമതികളും വൈകാതെ പുറത്തുവരും. തങ്ങളുടെ കൈയിൽ മുഴുവൻ തെളിവുകളും ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇത്രയും ഡോക്യുമെന്‍റഡായിട്ടുള്ള അഴിമതി ആരോപണം വേറെ ഏതെങ്കിലും സംസ്ഥാനത്തെ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ടോ എന്നും വി ഡി സതീശൻ ചോദിച്ചു. ഈ മാസം 20-ാം തിയതി സെക്രട്ടേറിയറ്റ് വളഞ്ഞ് കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ-റെയിൽ, ബഫർസോൺ, നികുതിക്കൊള്ള തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫ് നടത്തിയ സമരത്തെ കുറിച്ചും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
'100 കോടിയുടെ അഴിമതി' : എ ഐ ക്യാമറ ഇടപാടിൽ നൂറ് കോടിയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ബന്ധു കൺസോഷ്യം യോഗത്തിൽ പങ്കെടുത്തുവെന്നും ഇത് സംബന്ധിച്ചുള്ള അന്വേഷണം നടന്നാൽ അദ്ദേഹം യോഗത്തിൽ പങ്കെടുത്തതിന്‍റെ തെളിവ് ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ക്യാമറയും, കൺട്രോൾ റൂമും, വാർഷിക മെയിന്‍റനൻസും ഉൾപ്പടെ മുഴുവൻ കാര്യങ്ങൾക്കും ഫിനാൻഷ്യൽ പ്രപ്പോസൽ നൽകിയത് ട്രോയിസ് എന്ന കമ്പനിയാണെന്നും വി ഡി സതീശൻ പറഞ്ഞു. ഈ കമ്പനിയിൽ നിന്ന് തന്നെ വാങ്ങണമെന്നത് പ്രസാദിയോയുടെ നിർബന്ധമായിരുന്നുവെന്നും ഈ രണ്ട് കമ്പനികളുടെ ഉടമകളാണ് എ ഐ ക്യാമറയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകിയതെന്നും വി ഡി സതീശൻ ആരോപിച്ചു.