കണ്ണൂർ : തണ്ടർബോൾട്ട് മാവോവാദി ഏറ്റുമുട്ടൽ നടന്ന ഉരുപ്പംകുറ്റി ഞെട്ടിത്തോട് മലയിൽ നാലാം ദിനവും ദൗത്യസേന പരിശോധന തുടരുകയാണ്. ഏറ്റുമുട്ടൽ നടന്ന മേഖലയിൽ ചോരപ്പാടുകളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉൾവനത്തിലേക്ക് കടന്നതായി കരുതുന്ന മാവോവാദികളെ കുറിച്ച് അന്വേഷണ സംഘത്തിന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. മാവോയിസ്റ്റ് സംഘത്തിൽ ഉൾപ്പെടുന്നവരുടെ രേഖാചിത്രം പുറത്തുവിട്ടെങ്കിലും തിരച്ചിൽ മൂന്ന് ദിനം പിന്നിടുമ്പോഴും ആരെയും കസ്റ്റഡിയിൽ എടുക്കാനായിട്ടില്ല.
ഏറ്റുമുട്ടലിൽ വെടിയേറ്റതായി സംശയിക്കുന്ന മാവോവാദികൾ സമീപത്തെ ആശുപത്രികളിൽ എത്താൻ സാധ്യതയുള്ളതിനാൽ പൊലീസ് പഴുതടച്ച പരിശോധനയാണ് നടത്തുന്നത്. മാവോവാദികൾ കേരള അതിർത്തിയിൽ നിന്നും കർണാടക - തമിഴ്‌നാട് വനത്തിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആന്‍റി നക്‌സൽ ഫോഴ്‌സ് അതിർത്തി മേഖലയിൽ നില ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ കൊട്ടിയൂർ - ആറളം വനമേഖലയിൽ നിന്നും വയനാട് ഭാഗങ്ങളിലേക്ക് കടക്കാനുള്ള സാധ്യതയാണ് ദൗത്യസേന പരിശോധിക്കുന്നത്.
അയ്യൻകുന്ന് പ്രദേശം ഇപ്പോഴും കനത്ത പൊലീസ് വലയത്തിലാണ്. മലയിലേക്കുള്ള റോഡ് ഗതാഗതം പൊലീസ് അടച്ചിട്ടുണ്ട്. പുലർച്ചെയോടെ കർണാടകയുടെ പ്ലാറ്റൂൺ നക്‌സൽ വിരുദ്ധസേനാംഗങ്ങൾ ഉൾപ്പടെയുള്ള പൊലീസ് സംഘം വെടിവയ്പ്പ് നടന്ന ഞെട്ടിത്തോട് ഭാഗത്ത് പരിശോധന നടത്തി.
ഫൊറൻസിക് സംഘം ബോംബ് സ്കോഡ് ഉൾപ്പടെ വനത്തിൽ പ്രവേശിച്ച് മഹസർ തയ്യാറാക്കിയതാണ് സൂചന. ഇരിട്ടി എ എസ് പി താഷ്ബാരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് മലയോര മേഖലകളിൽ പരിശോധന നടത്തുന്നത്. മേഖലയിലെ പൊലീസ് സ്റ്റേഷനുകൾ അതീവ സുരക്ഷയിലാണ്.