കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ പുറത്ത് നിന്നും കെട്ടിയിറക്കുന്നവരെ ഇനി സ്ഥാനാർഥിയായി വേണ്ടെന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വം. മണ്ഡലത്തിൽ തന്നെയുള്ള ജനസമ്മതരെ സ്ഥാനാർഥിയാക്കിയാൽ മതിയെന്നാണ് മുന്നണിയിലെ പൊതുവികാരം. ബ്ലോക്ക് കോൺഗ്രസ് നേതൃത്വം ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് തവണയും കേരളാ കോൺഗ്രസ് എം ആയിരുന്നു യുഡിഎഫിന് വേണ്ടി തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ മത്സര രംഗത്തുണ്ടായിരുന്നത്. എന്നാൽ അവർ ഇത്തവണ മുന്നണി വിട്ടതോടെ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതകൾ ഏറെയാണ്. കൂത്തുപറമ്പോ തളിപ്പറമ്പോ വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൂത്തുപറമ്പിനോടാണ് ലീഗിന് താൽപര്യം കൂടുതൽ. ഈ പശ്ചാത്തലത്തിൽ എഐസിസി തലത്തിൽ സ്വാധീനമുള്ള പുറത്ത് നിന്നുള്ള ചില നേതാക്കൾ തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിക്കാന്‍ നോട്ടമിട്ടിട്ടുണ്ട്. ഇതോടെയാണ് ബ്ലോക്ക് കോൺഗ്രസ് നേതൃത്വവും പ്രാദേശിക യുഡിഎഫ് നേതൃത്വവും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.
നിയോജക മണ്ഡലത്തിൽ തന്നെയുള്ള ജനസമ്മതരായവർ സ്ഥാനാർഥിയായാൽ മതിയെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇത്തവണയും പുറത്ത് നിന്നുള്ളവരെ ഇറക്കിയാൽ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മണ്ഡലം കമ്മിറ്റി ഡിസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ പുറത്ത് നിന്നുള്ള സ്ഥാനാർഥികളെ മത്സരിപ്പിച്ചത് കാരണം നിരവധി യുഡിഎഫ് വോട്ടർമാർ അവരോട് വിമുഖത കാട്ടിയിരുന്നു. ഇത് നിയോജക മണ്ഡലത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കാനും ഇടയാക്കി. ജില്ലയിൽ വനിതകൾക്ക് സീറ്റ് ഉറപ്പാക്കണമെന്ന എഐസിസി നിർദേശം പ്രാവർത്തികമാക്കിയാൽ തളിപ്പറമ്പിൽ വനിതാ സ്ഥാനാർഥി വരാനുള്ള സാധ്യയും ഏറെയാണ്.