കണ്ണൂർ: കണ്ടോന്താര്‍ മൃഗാശുപത്രിക്ക് സമീപം കള്ളത്തോക്ക് നിര്‍മാണത്തിലേർപ്പെട്ട ഇരുമ്പ് പണിക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം വടക്കേ വീട്ടില്‍ കൊല്ലപ്പണിക്കാരനായ ബാലകൃഷ്ണന്‍ (72), പെരിന്തട്ടയിലെ പണ്ടാരവളപ്പില്‍ അനില്‍കുമാര്‍ (45) എന്നിവരാണ് അറസ്റ്റിലായത്. നിര്‍മിച്ചുകൊണ്ടിരുന്ന തോക്കുകളും പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ബാലകൃഷ്ണന്‍റെ പണിശാലയില്‍ നിന്ന് നിര്‍മിച്ചുകൊണ്ടിരുന്ന ഒരു സ്‌റ്റെന്‍ ഗണ്ണും റിവോള്‍വറും പൊലീസ് കണ്ടെടുത്തു. അനില്‍കുമാറിന് വില്‍പ്പന നടത്താന്‍ വേണ്ടിയാണ് തോക്കുകള്‍ നിര്‍മിച്ചതെന്ന് ബാലകൃഷ്ണന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബാലകൃഷ്ണന്‍റെ പേരില്‍ കള്ളത്തോക്ക് നിര്‍മാണത്തിന് 2009ലും പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഇരുവര്‍ക്കുമെതിരെ ആംസ് ആക്റ്റ് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.