കണ്ണൂർ: വളപട്ടണത്ത് ഒന്നരകോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. നീലേശ്വരത്ത് വ്യാപാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ വളപട്ടണം പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശികളായ സാഗര്‍, കിഷോര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
കേസ് നീലേശ്വരം പൊലീസ് സ്റ്റേഷന്‍റെ പരിധിയിലായതിനാല്‍ വ്യാഴാഴ്‌ച ഉച്ചയോടെ പ്രതികളേയും അവര്‍ സഞ്ചരിച്ച കാറും നീലേശ്വരം പൊലീസിന് കൈമാറി. കാറിൽ നിന്ന് 1,46,45000 രൂപ കണ്ടെടുത്തു. തുക എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം കസ്റ്റംസിന് കൈമാറിയതായി വളപട്ടണം പൊലീസ് അറിയിച്ചു. സ്വർണം വിൽപ്പന നടത്തിയ വകയിൽ ലഭിച്ച തുകയാണിതെന്നാണ് സംശയിക്കുന്നത്. മതിയായ രേഖകൾ ഹാജരാക്കാനായാൽ നികുതി കഴിച്ചുള്ള തുക പിടിയിലായവർക്ക് തിരികെ ലഭിക്കും.