കണ്ണൂർ: പയ്യന്നൂർ ദേശീയ പാതയില്‍ രണ്ട് അപകടങ്ങളിലായി നിരവധി പേർക്ക് പരിക്ക്. ദേശീയപാതയില്‍ കെകെഎന്‍ പരിയാരം സ്മാരക ഹയര്‍ സെക്കൻഡറി സ്‌കൂളിന് സമീപമാണ് രണ്ട് അപകടങ്ങളുമുണ്ടായത്.
കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അജ്‌വ ബസും പയ്യന്നൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന ആശീർവാദ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പത്തോളം പേർക്ക് പരിക്കേറ്റു. കനത്ത വേനല്‍ മഴയെ തുടർന്ന് റോഡില്‍ പെട്ടെന്നുണ്ടായ വഴുക്കല്‍ കാരണമാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബസുകൾ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മുന്നിലെ കമ്പിയില്‍ മുഖം ഇടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. പരീക്ഷയായതിനാല്‍ നിരവധി വിദ്യാർഥികളും ബസുകളിലുണ്ടായിരുന്നു.
സ്കൂളിന് സമീപം തന്നെ കൈതപ്രം എഞ്ചിനീയറിങ് കോളജ് ബസ് പോസ്റ്റിലിടിച്ചായിരുന്നു മറ്റൊരു അപകടം. അപകടത്തില്‍ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. രാവിലെ എഞ്ചിനീയറിങ് കോളജിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് തൊട്ടടുത്ത വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തകര്‍ന്ന ഇലക്ട്രിക് പോസ്റ്റ് ബസിന് മുകളിലേക്ക് വീണെങ്കിലും വൈദ്യുതി നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം എഎസ്ഐ സി.ജി. സാംസണിന്‍റെ നേതൃത്വത്തില്‍ പരിക്കേറ്റവരെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറിലേറെ വാഹന ഗതാഗതം മുടങ്ങി.