കണ്ണൂർ: തലശ്ശേരിയിൽ താമസിക്കുന്ന യുവതി പഴനിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വന്‍വഴിത്തിരിവ്. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡിണ്ടിഗല്‍ ഡിഐജി വിജയകുമാരി പറഞ്ഞു. പരാതിക്കാരുടെ മൊഴിയെടുക്കുന്നതിനായി പഴനി പൊലീസ് തലശ്ശേരിയിലെത്തിയിരുന്നു.
ജൂണ്‍ 19 നായിരുന്നു പഴനി പാര്‍ക്ക് റോഡിലെ ഹോട്ടലില്‍ യുവതിയും ഭര്‍ത്താവും മുറിയെടുത്തത്. തൊട്ടടുത്ത ദിവസം ഭക്ഷണം വാങ്ങുന്നതിനായി പുറത്തിറങ്ങിയ യുവതിയെ ഭര്‍ത്താവിന്‍റെ മുന്നില്‍ വച്ച് ഇരുചക്രവാഹനത്തിലെത്തിയ മൂന്ന് പേര്‍ സമീപത്തെ ലോഡ്‌ജിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നും, രഹസ്യഭാഗങ്ങളില്‍ ബീയര്‍ കുപ്പി ഉപയോഗിച്ചു മുറിവേല്‍പിച്ചുവെന്നുമാണു പരാതി.
Read More: യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത സംഭവം; തമിഴ്‌നാട് പൊലീസ് തലശ്ശേരിയില്‍
കേരള ഡിജിപി തമിഴ്‌നാട് ഡിജിപിക്ക് കത്തയച്ചതോടെ ഞായറാഴ്‌ച രാത്രിയാണ് പഴനി അടിവാരം പൊലീസ് കേസെടുത്തത്. യുവതി താമസിച്ചിരുന്ന ലോഡ്‌ജിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന മെഡിക്കല്‍ പരിശോധനയില്‍ സാരമായി പരിക്കുള്ളതായി പറയുന്നില്ലെന്നും ഡിണ്ടിഗല്‍ ഡിഐജി പറഞ്ഞു.
യുവതിയും ഭര്‍ത്താവും മദ്യപിച്ചു ബഹളം വച്ചതിനെ തുടര്‍ന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് പണം ആവശ്യപ്പെട്ടു ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ലോഡ്‌ജ് ഉടമയും മൊഴി നല്‍കി. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷണം. അഡീഷണല്‍ എസ്‌പി ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘമാണ് തലശ്ശേരിയിലെത്തിയിരുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് യുവതിയും ഭര്‍ത്താവും പഴനിയില്‍ എത്താനിടയായ സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.