കണ്ണൂര്‍: ഒക്ടോബർ 24ന് ദീപാവലി ദിവസം വൈകിട്ട് കണ്ണൂർ ജില്ലയിലെ രാമന്തളി ശ്രീശങ്കരനാരായണ ക്ഷേത്രമുറ്റത്ത് 26 സ്ത്രീകൾ ഒന്നിക്കും. അതില്‍ 15 വയസുകാരിയായ ദേവപ്രിയ മുതല്‍ 60കാരിയായ ശകുന്തള വരെയുണ്ട്. വിദ്യാർഥിനികളും വീട്ടമ്മമാരും അടക്കമുള്ളവർ ആറ് മാസത്തെ കഠിന പരിശീലനം പൂർത്തിയാക്കി ക്ഷേത്ര മുറ്റത്ത് ഒന്നിക്കുന്നത് പുരുഷന്മാരുടെ കുത്തകയായ കോല്‍ക്കളിയില്‍ ചരിത്രം രചിക്കാനാണ്.
കൊവിഡിന് മുമ്പ് രാമന്തളി മഹാത്മ വനിതാവേദിയുടെ നേതൃത്വത്തിൽ തുടങ്ങിയതാണ് ഇവരുടെ ചരടുകുത്തി കോൽക്കളി ആവേശം. കേരള നാടൻ കല അക്കാദമി അവാർഡ് ജേതാവ് കെവി ബാബുരാജ് ഗുരുക്കൾക്കൊപ്പം ഭാഗവതരായ കെവി ഭാർഗവൻ, എവി പ്രേമൻ, ഭരത് ഡി പൊതുവാൾ, കെപി സന്തോഷ് എന്നിവരും പരിശീലകരായി ഒപ്പമുണ്ട്.