കണ്ണൂർ : പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നിധീഷിന് ഡി.വൈ.എഫ്.ഐയുമായി ബന്ധമില്ലെന്ന് കണ്ണൂർ ജില്ല നേതൃത്വം. ഒളിവിലായിരുന്ന ഇയാൾ കണ്ണൂർ മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ രാവിലെയാണ് കീഴടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐക്കെതിരെ നടത്തുന്ന വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ALSO MORE: ആദിവാസി ബാലികയെ പീഡിപ്പിച്ചു; യുവാവ് കീഴടങ്ങി
കേസിൽ പൊലീസ് പ്രതിചേര്‍ത്ത നിധീഷ് ഡി.വൈ.എഫ്.ഐ നേതാവാണെന്ന പ്രചരണം സത്യവിരുദ്ധമാണ്. നിധീഷ് ഒരു കമ്മിറ്റിയിലും അംഗമല്ല. ഡി.വൈ.എഫ്.ഐയുമായി ഇയാൾക്ക് യാതൊരു ബന്ധവുമില്ലെന്നും ജില്ല നേതൃത്വം വാർത്താകുറിപ്പില്‍ അറിയിച്ചു.
ഇരിട്ടി വിളക്കോട് സ്വദേശി ഇ.കെ നിധീഷിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. വിളക്കോട് യു.പി സ്കൂളിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ പ്രതിയ്‌ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.