കണ്ണൂര്‍ : കേരളത്തില്‍ ഓടുന്ന 15 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. ഓഗസ്റ്റ് 15 മുതലാണ് പ്രസ്തുത ട്രെയിനുകള്‍ പുതിയ സ്റ്റോപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍ത്തി തുടങ്ങുന്നത്. മാവേലി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്‌പ്രസ് എന്നിങ്ങനെ യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനുകള്‍ക്കാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം മാംഗ്ലൂര്‍ മാവേലി എക്‌സ്പ്രസിന് (16604) തിരൂരിലാണ് പുതിയ സ്റ്റോപ്പ്. പുലര്‍ച്ചെ 2:43നാണ് ട്രെയിന്‍ തിരൂരില്‍ എത്തുന്നത്. ഓഗസ്റ്റ് 18 മുതലാണ് മാവേലി എക്‌സ്‌പ്രസ് തിരൂരില്‍ നിര്‍ത്തി തുടങ്ങുന്നത്.
കുറ്റിപ്പുറത്താണ് മലബാര്‍ എക്‌സ്‌പ്രസിന് പുതിയ സ്റ്റോപ്പ്. കൂടാതെ ചാലക്കുടിയിലും മലബാറിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 16 മുതല്‍ ട്രെയിന്‍ ഈ സ്റ്റോപ്പുകളില്‍ നിര്‍ത്തിത്തുടങ്ങും.
മലബാറില്‍ പുതിയതായി ഒന്‍പത് സ്റ്റോപ്പുകള്‍ : കാസര്‍കോട് സ്റ്റേഷനില്‍ രണ്ട് ദീര്‍ഘ ദൂര സര്‍വീസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ദാദര്‍ - തിരുനല്‍വേലി - ദാദര്‍ ഹംസഫര്‍ (22629 /22630 ) തിരുനൽവേലി ഗാന്ധിധാം ഹംസഫർ (20923/ 20924) ട്രെയിനുകള്‍ ഓഗസ്റ്റ് 16, 17 തീയതികള്‍ മുതല്‍ കാസര്‍കോട് സ്റ്റേഷനില്‍ നിര്‍ത്തും.
കണ്ണൂര്‍ ജില്ലയില്‍ ഏഴിമല, പഴയങ്ങാടി റെയില്‍വേ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം - മാംഗ്ലൂര്‍ - തിരുവനന്തപുരം എക്‌സ്‌പ്രസിന് (16347/16348) ഏഴിമലയിലാണ് പുതിയ സ്റ്റോപ്പ്. ഓഗസ്റ്റ് 15 മുതലാണ് ട്രെയിന്‍ പുതിയ സ്റ്റോപ്പില്‍ നിര്‍ത്തുന്നത്.
ഏറനാട് എക്‌സ്പ്രസിനാണ് (16605/16606) പഴയങ്ങാടിയില്‍ സ്റ്റോപ്പ്. 15 മുതലാണ് ഇവിടെ നിര്‍ത്തുക. മേഖലയിലെ യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു ഏറനാട് എക്‌സ്പ്രസിന് പഴയങ്ങാടിയില്‍ സ്റ്റോപ്പ് എന്നത്.
അതേസമയം, മൂന്ന് മാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് നിരീക്ഷിച്ച ശേഷമായിരിക്കും റെയില്‍വേ തുടര്‍ നടപടികള്‍ സ്വീകരിക്കുക.
പുതുതായി അനുവദിച്ച മറ്റ് സ്റ്റോപ്പുകള്‍ : പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂർ - യശ്വന്ത്പൂര്‍ - കണ്ണൂർ എക്‌സ്പ്രസ് (16528/16527) ഓഗസ്റ്റ് 15 മുതല്‍ നിര്‍ത്തും. ഷൊര്‍ണൂര്‍- കണ്ണൂര്‍ മെമുവിന്‍റെ (06023/06024) പുതിയ സ്റ്റോപ്പ് തിരുനാവായയിലാണ്. ഓഗസ്റ്റ് 16 മുതലാണ് ട്രെയിന്‍ ഇവിടെ നിര്‍ത്തി തുടങ്ങുന്നത്.
ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ - ചെന്നൈ എക്‌സ്‌പ്രസ് (16127/ 16128) ഓഗസ്റ്റ് 18 മുതല്‍ ചേര്‍ത്തലയില്‍ നിര്‍ത്തും. എറണാകുളം - കായംകുളം - എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ (16309/16310) തൃപ്പൂണിത്തുറ, മാവേലിക്കര എന്നിവിടങ്ങളില്‍ ഓഗസ്‌റ്റ് 17 മുതലാണ് നിര്‍ത്തുന്നത്. തിരുനല്‍വേലി - പാലക്കാട് പാലരുവി എക്‌സ്‌പ്രസ് ഈ മാസം 18-ാം തീയതി മുതല്‍ അങ്കമാലിയില്‍ നിര്‍ത്തും. കൊച്ചുവേളി - നിലമ്പൂര്‍ രാജ്യ റാണി എക്‌സ്‌പ്രസ് (16349/16350 ) ഓഗസ്റ്റ് 15 മുതല്‍ ആലുവയില്‍ നിര്‍ത്തും. ഫാദിയ- എറണാകുളം - ഫാദിയ എക്‌സ്‌പ്രസ് (2837/22838) തൃശൂരില്‍ നാളെ മുതലും നിര്‍ത്തും.