കണ്ണൂർ : കണ്ണൂരിൽ ട്രെയിനിന് തീപിടിച്ച സംഭവത്തിൽ ഫോറൻസിക് സംഘം പരിശോധന ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്. റെയിൽവേയുടെ വൻ അനാസ്ഥയാണ് നിരന്തരമുണ്ടാകുന്ന ആക്രമണത്തിന് കാരണമെന്ന ആക്ഷേപവും വിഷയത്തിൽ ഉയരുകയാണ്.
ഇന്ന് പുലർച്ചെ 1.30ഓടെയാണ് കേരളത്തെ വീണ്ടും ഞെട്ടിച്ച് ട്രെയിൻ അഗ്നിക്കിരയാകുന്ന സംഭവമുണ്ടായത്. ഇന്നലെ രാത്രി 11:45ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. യാത്രക്കാരെ ഇറക്കി രണ്ട് മണിക്കൂറിനുള്ളിലാണ് തീപിടിത്തം. ട്രെയിനിന്‍റെ പിറകിൽ നിന്ന് മൂന്നാമത്തെ ബോഗിക്കാണ് തീപിടിച്ചത്.
സംഭവത്തിൽ റെയിൽവേ പൊലീസിന്‍റെ അന്വേഷണം ഊർജിതമായി തുടരുകയാണ്. സമീപത്തെ ബിപിസിഎൽ പെട്രോൾ സംഭരണശാലയിൽ നിന്നുള്ള സിസിടിവി ദൃശ്യം കേന്ദ്രികരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങൾ എൻഐഎയും ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 2നാണ് എലത്തൂർ ട്രെയിൻ തീവയ്‌പ്പ് നടന്നത്. ഇതിന് ശേഷം രണ്ട് മാസത്തിനുള്ളിൽ നടക്കുന്ന സംഭവമാണിത്. അതുകൊണ്ടുതന്നെ ഈ വിഷയം എൻഐഎ ഗുരുതരമായാണ് നോക്കിക്കാണുന്നത്. ട്രെയിനിന്‍റെ ഗ്ലാസ് തകർന്ന നിലയിലാണ്. കൂടാതെ, ക്ലോസെറ്റിൽ കല്ലു വലിച്ചെറിഞ്ഞതായും ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്.
എങ്കിലും വിഷയം ആസൂത്രിതമെങ്കിൽ, പ്രതിയിലേക്ക് എത്തുന്ന വിവരങ്ങൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നാണ് സൂചന. കൂടാതെ, ഒരാളെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നു എന്ന വിവരവും പുറത്തു വരുന്നുണ്ട്. ഒരാളുടെ ബാഹ്യ ഇടപെടലില്ലാതെ ഇത്ര പെട്ടെന്ന് തീ പടരാൻ കാരണമാകില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയപ്പോൾ താവക്കര ഭാഗത്തേക്കാണ് പൊലീസ് നായ ഓടിപ്പോയത്.
എലത്തൂർ ട്രെയിൻ കത്തിക്കലുമായി സാമ്യം, അന്വേഷണം എൻഐഎയിലേക്ക് : ഏപ്രില്‍ രണ്ടിന് ഇതേ ട്രെയിനിന് തീവച്ച കേസില്‍ എൻഐഎ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും തീപിടിത്തമുണ്ടാകുന്നത്. ഈ കേസില്‍ പ്രതിയായ ഷാരൂഖ് സെയ്‌ഫിയെ മഹാരാഷ്ട്രയില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയിരുന്നു. നിലവിൽ ഇയാൾ റിമാൻഡിലാണ്.
ഷാരൂഖ് സെയ്‌ഫി ട്രെയിനിൽ തീവച്ചത് എലത്തൂർ ബിപിസിഎൽ സംഭരണ ശാലയ്ക്കടുത്ത് വച്ചായിരുന്നു. ഇന്ന് പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചതും കണ്ണൂർ താവക്കരയിലെ ബിപിസിഎൽ എണ്ണ സംഭരണ ശാലയ്ക്ക് 100 മീറ്റർ അകലെയാണ്. ഇതാണ് ഭീകരവാദ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു ഘടകം.
ഒരേ ട്രെയിനിൽ തന്നെ സംഭവം ഉണ്ടായതിനെപ്പറ്റിയും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. പാലക്കാട് നിന്ന് ദക്ഷിണ റെയിൽവേയുടെ എഡിആർഎം സക്കീർ ഹുസൈന്‍റെ നേതൃത്വത്തിലുള്ള സംഘം കത്തിയ ബോഗികളില്‍ പരിശോധന നടത്തി. പൊലീസ് അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന അന്വേഷണത്തെ തള്ളി ബിജെപി : ഒരേ ട്രെയിന്‍ വീണ്ടും വീണ്ടും തീവയ്ക്കാൻ തെരഞ്ഞെടുക്കുന്നു എന്നത് ഭീകരവാദത്തിന്‍റെ ലക്ഷണം ആയിട്ടാണ് കാണേണ്ടതെന്നും അമിനിറ്റി ഫോറം ചെയർമാൻ പി കെ കൃഷ്‌ണദാസ് വ്യക്തമാക്കി. ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരോടും അക്രമിക്ക് മുൻ വൈരാഗ്യമില്ല. ഇത് യാത്രക്കാരെ ഭയപ്പെടുത്താനാണ്.
ട്രെയിനിൽ തീപിടിച്ച സംഭവം ഗൗരവമായി കാണണമെന്നും പി കെ കൃഷ്‌ണദാസ് പറഞ്ഞു. കേരള പൊലീസ് പ്രാഥമിക അന്വേഷണം നടത്തി പെട്ടെന്ന് എൻഐഎയ്‌ക്ക് കേസ് കൈമാറണം. കേരള പൊലീസിന്‍റെ അന്വേഷണത്തിനിടയിൽ ഗൂഢാലോചനയും പ്രതിയുടെ ബന്ധവും അന്വേഷിക്കുന്നില്ല. പൊലീസിൽ നടക്കുന്നത് ചക്കളത്തി പോരാണ്.
അക്രമത്തിന്‍റെ പിന്നിൽ എന്താണെന്ന് അന്വേഷിക്കണം. അട്ടിമറിയുണ്ടെങ്കിൽ എൻഐഎക്ക് നൽകണം. കേരളത്തിൽ മാത്രം ട്രെയിൻ കത്തിക്കൽ നടക്കുന്നു എന്നതും ഗൗരവകരമായി അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന്‍റെ പ്രാഥമിക അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനില്ല. നിലവിലെ സ്ഥിതിഗതികൾ കേന്ദ്ര നേതൃത്വത്തെയും റെയിൽവേ മന്ത്രിയെയും അറിയിച്ചതായും ആദ്ദേഹം വ്യക്തമാക്കി.