കണ്ണൂർ: ലോക്ക്ഡൗണിനെ തുടർന്ന് പ്രധാന സീസണിൽ കടകൾ തുറക്കാൻ സാധിക്കാതെ വന്നതോടെ പ്രതിസന്ധിയിലായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര പരിസരത്തെ വ്യാപാരികൾ. കഴിഞ്ഞ വർഷവും അടച്ചിടലിനെ തുടര്‍ന്ന് വ്യപാരികൾക്ക് കടകൾ തുറക്കാനായിരുന്നില്ല. ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവരെ മാത്രം ആശ്രയിച്ചാണ് ഇവിടുത്തെ കടകൾ പ്രവർത്തിക്കുന്നത്. 150ൽ അധികം വ്യാപാരികളാണ് സീസണിൽ ക്ഷേത്രപരിസരത്ത് കച്ചവടം നടത്തുന്നത്.
Also Read:തളിപ്പറമ്പില്‍ വ്യാജവാറ്റ് വ്യാപകം; 128.5 ലിറ്റര്‍ ചാരായം പിടികൂടി
കഴിഞ്ഞ ലോക്ക്ഡൗണിൽ കടകൾ അടച്ചിട്ട സമയത്തെ പ്രളയത്തിൽ പറശ്ശിനിക്കടവ് പുഴയിൽ നിന്ന് വെള്ളം കയറി പല വ്യാപാരികൾക്കും വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിച്ചതല്ലാതെ സർക്കാരിൽ നിന്ന് യാതൊരു സഹായവും വ്യാപാരികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സ്കൂൾ അവധിക്കാലവും കൊട്ടിയൂർ ഉത്സവവും ആണ് പ്രധാന സീസണുകൾ. ഇവ നഷ്ടപ്പെടുന്നത് കൂടാതെ അടുത്തദിവസം കാലവർഷം കനക്കുമെന്ന പ്രവചനം കൂടി വന്നതോടെ മുൻ വർഷത്തെ സ്ഥിതിയാകുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.