കണ്ണൂര്‍: തളിപ്പറമ്പ് മെയിൻ റോഡിലെ അനധികൃത പാർക്കിങിനെതിരെ വ്യാപാരികൾ രംഗത്ത്. മെയിൻ റോഡിന്‍റെ പകുതി ഭാഗത്തോളം ബൈക്കുകളും മറ്റ് വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇത് കാൽനടയാത്രക്കാര്‍ക്കും വ്യാപാരസ്ഥാപനങ്ങളിലെത്തുന്നവർക്കും തലവേദന സൃഷ്‌ടിക്കുമ്പോഴും പൊലീസും നഗരസഭാ ഉദ്യോഗസ്ഥരും അനാസ്ഥ തുടരുകയാണ്. അനധികൃത പാർക്കിങ് ഒഴിവാക്കാൻ ഗതാഗത പരിഷ്‌കരണം നടത്തി സംസ്ഥാനത്തിന് തന്നെ മാതൃകയായ നഗരമായിരുന്നു തളിപ്പറമ്പ്. മെയിൻ റോഡിലെ പകുതി ഭാഗത്തോളം കയ്യേറി മൂന്ന് നിരകളിലായി ബൈക്കുകളും മറ്റ് വാഹനങ്ങളും തോന്നിയ പോലെ നിർത്തിയിടുകയാണ്. നേരത്തെ കർശന നടപടികൾ സ്വീകരിച്ച് കാര്യക്ഷമമായി മുന്നോട്ട് പോയ അധികൃതർ ഇപ്പോൾ അനധികൃത പാർക്കിങിനെതിരെ പാടെ കണ്ണടക്കുകയാണ്. ഉദ്യോഗസ്ഥ ഭരണം നിലവിൽ വന്നതോടെ നഗരസഭാ അധികൃതരും ഇക്കാര്യത്തിൽ കടുത്ത നിസംഗതയാണ് പുലർത്തുന്നത്.
മെയിൻ റോഡിൽ ന്യൂസ് കോർണർ ജങ്‌ഷൻ മുതൽ മൂത്തേടത്ത് ഹൈസ്‌കൂൾ വരെയുള്ള ഭാഗത്താണ് അനധികൃത പാർക്കിങ് രൂക്ഷമായിരിക്കുന്നത്. അതിരാവിലെ ഇവിടെ കൊണ്ട് നിർത്തുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും വൈകുന്നേരമോ രാത്രിയോ മാത്രമാണ് തിരികെ എടുക്കുന്നത്. ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും റോഡിന്‍റെ അവശേഷിക്കുന്ന ഭാഗത്ത് കൂടി മാത്രമേ കടന്നു പോകാൻ കഴിയുന്നുള്ളൂ. അനധികൃത പാർക്കിങ് മൂലം നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മെയിൻ റോഡിൽ കാൽനട യാത്രപോലും ദുസ്സഹമാണ്. ഇതിനെതിരെ പൊലീസും നഗരസഭാ ഉദ്യോഗസ്ഥരും കർശന നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.