കണ്ണൂർ: മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങള്‍ നാടിന്‍റെ വികസനപ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ലഹരി കൈവശം വയ്ക്കുന്നതിനും വില്‍പന നടത്തുന്നതിനും കടുത്ത ശിക്ഷ നല്‍കാന്‍ എന്‍ഡിപിഎസ് ആക്ട് ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
തലശ്ശേരിയില്‍ സര്‍ക്കാരിന്‍റെ വിമുക്തി പദ്ധതിയുടെ 90ദിന കര്‍മ്മ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരി പൂര്‍ണമായും ഒഴിവാക്കുന്നത് വരെ ഇത്തരം ലഹരി വിമുക്ത ബോധവത്ക്കരണ പരിപാടികള്‍ തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതു തലമുറയിലെ വിദ്യാര്‍ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യം വയ്ക്കുന്നത്. ലഹരിക്കടിമപ്പെടുന്നവരോടൊപ്പം അവരുടെ കുടുംബവും തകരുന്നു, അവരെ സഹായിക്കാന്‍ ഡീ അഡീക്ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിച്ചു വരികയാണ്. 1708 പേര്‍ക്ക് കിടത്തി ചികിത്സ നല്‍കിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായും അദേഹം പറഞ്ഞു. എ.എന്‍ ഷംസീര്‍ എംഎല്‍എ, കലക്ടര്‍ ടി.വി സുബാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ്, ജില്ലാ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ പി.കെ സുരേഷ്, മേജര്‍ പീയുഷ് സേട്ട്, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ എന്നിവർ സംസാരിച്ചു. ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.