കണ്ണൂർ: ആലാപന സൗകുമാര്യത്തിന് മുന്നിൽ ഭാഷ തോറ്റുപോയ കാഴ്‌ച.. ദേശവും ഭാഷയും കടന്ന് കോഴിക്കോട് കീഴരിയൂർ സ്വദേശി ആര്യനന്ദ പാടിയപ്പോൾ കൈകൂപ്പി കണ്ണീർ പൊഴിച്ച് സംഗീത ലോകം.. 'സരിഗമപ' ഹിന്ദി റിയാലിറ്റി ഷോയുടെ കിരീടം അങ്ങനെ കോഴിക്കോട്ടേക്കെത്തി.. ഹിന്ദി ഭാഷ ഒട്ടും വശമില്ലാതെ മുംബൈയിൽ നിന്നും ഒന്നാം സ്ഥാനം നേടിയതിൻ്റെ അത്യാഹ്ലാദത്തിലാണ് ഈ പന്ത്രണ്ട് വയസുകാരി.
'സരിഗമപ' റിയാലിറ്റി ഷോയിലേക്ക് തെന്നിന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ഗായികയായിരുന്നു ആര്യനന്ദ. ഫൈനലിൽ ഏഴു പേരോട് മത്സരിച്ചാണ് ഈ മിടുക്കി ഒന്നാമതെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മത്സരം തുടങ്ങിയത്. അതിനിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ആര്യനന്ദയും കുടുംബവും രണ്ടുമാസം മുംബൈയിൽ കുടുങ്ങി. തിരികെ നാട്ടിലെത്തി മത്സരത്തിൽ പങ്കെടുക്കാൻ വീണ്ടും മുംബൈയിലെത്തി. ജൂലായിലാണ് മത്സരം പുനരാരംഭിച്ചത്. മത്സരം പെട്ടെന്ന് അവസാനിപ്പിക്കേണ്ടതിനാൽ ഒരു ദിവസം തന്നെ നിരവധി പാട്ടുകൾ റെക്കോഡ് ചെയ്യേണ്ടി വന്നു. അറിയാത്ത ഭാഷ ഉറക്കം ഒഴിഞ്ഞിരുന്ന് പഠിച്ച് വശത്താക്കി. വരികൾ മലയാളത്തിലേക്ക് പകർത്തി അമ്മ സഹായിച്ചു. ഹോളിവുഡിലെ മികച്ച ഗായകരായ കുമാർ സാനു, ഉദിത് നാരായൺ, അൽക്കാ യാഗ്നിക്, ഹിമേഷ് റഷാമിയ, ജാവേദ് അലി എന്നിവരായിരുന്നു വിധികർത്താക്കൾ. പരിപാടിയിൽ ആലപിച്ച സത്യം ശിവം സുന്ദരം എന്ന ഗാനം ഇന്ത്യയൊട്ടാകെ വൈറലായി. അതിഥിയായി എത്തിയ വിഖ്യാത സംഗീത സംവിധായകരായ ലക്ഷ്‌മികാന്ത് - പ്യാരേലാലിലെ പ്യാരേലാൽ ആര്യനന്ദയെ ആശീർവദിച്ചു.
കോഴിക്കോട് കടലുണ്ടി ഐഡൽ പബ്ലിക് സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ആര്യനന്ദ ഇതിനോടകം 450 സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 'സ്നേഹപൂർവ്വം ആര്യനന്ദ' എന്ന പേരിൽ അവതരിപ്പിച്ച 25 പാട്ടുകളുടെ ട്രിബ്യൂട്ടാണ് ഇതിൽ ഏറെ ശ്രദ്ധേയമായത്. കോഴിക്കോട് ടൗൺഹാളിൽ മൂന്ന് മണിക്കൂർ കൊണ്ട് നാല് ഭാഷകളിലായാണ് അന്ന് ഏഴു വയസുകാരിയായ ആര്യനന്ദ ആ പരിപാടി അവതരിപ്പിച്ചത്. കഴിഞ്ഞവർഷം തമിഴ് ചാനലിലെ സംഗീത റിയാലിറ്റി ഷോയിലെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു ആര്യനന്ദ. ആറാം വയസിൽ ഒരു മലയാളം ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയിരുന്നെങ്കിലും വളരെ ചെറുപ്പമായതിൻ്റെ പേരിൽ തിരിച്ച് അയക്കുകയായിരുന്നു. അന്ന് വിധികർത്താവായിരുന്ന ഗായിക സുജാത മോഹൻ രണ്ട് വർഷം മുമ്പ് നടന്ന തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ ആര്യനന്ദയുടെ പാട്ട് കേട്ട് കരഞ്ഞിരുന്നു.
ഇതിനകം രണ്ട് ഹിന്ദി ചിത്രങ്ങളിൽ പാടാനുള്ള അവസരവും ഈ മിടുക്കിക്ക് ലഭിച്ചിട്ടുണ്ട്. രണ്ടര വയസിൽ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ അരങ്ങേറ്റം കുറിച്ചാണ് ആര്യനന്ദ സംഗീതലോകത്തേക്ക് ചുവടുവെച്ചത്. അതൊരു വലിയ സംഗീത യാത്രയിലേക്കുള്ള തുടക്കമായി..
കൊയിലാണ്ടി കീഴരിയൂർ സ്വദേശികളും നിലവിൽ പന്തീരങ്കാവിൽ താമസിക്കുകയും ചെയ്യുന്ന സംഗീതാധ്യാപകരായ രാജേഷ് ബാബു-ഇന്ദു ദമ്പതികളുടെ ഏക മകളാണ് ആര്യനന്ദ.