കണ്ണൂർ : കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കൂട്ടുപുഴ വഴി കടത്താന്‍ ശ്രമിച്ച 227 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍. ഇരിട്ടി സ്വദേശി ഷംസീര്‍, മട്ടന്നൂര്‍ സ്വദേശി അബ്ദുള്‍ മജീദ്, തലശ്ശേരി കീഴല്ലൂര്‍ സ്വദേശി സാജിര്‍ എന്നിവരാണ് അറസ്റ്റിലായത്. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കൊണ്ടുവരുന്ന വഴിയാണ് സ്റ്റേറ്റ് എക്‌സൈസ് സംഘം കൂട്ടുപുഴയില്‍ വച്ച് കഞ്ചാവ് പിടികൂടിയത്.
ALSO READ: 'നാട്ടുകാര്‍ കളിയാക്കുന്നു' ; കോട്ടയത്ത് കുഞ്ഞിനെ കൊന്നതിന് അറസ്‌റ്റിലായ അമ്മയുടെ മൊഴി
227.505 കിലോ ഗ്രാം കഞ്ചാവാണ് കടത്താന്‍ ശ്രമിച്ചത്. ആന്ധ്രയില്‍ നിന്നും പിക്കപ്പ് വാനില്‍ ഒമ്പത് ബാഗുകളില്‍ 99 പാക്കറ്റുകളായി ബെംഗളൂരുവില്‍ കഞ്ചാവ് എത്തിക്കുകയായിരുന്നു. തുടർന്ന് നാഷണല്‍ പെര്‍മിറ്റ് ലോറിയിലേക്ക് മാറ്റിയ ശേഷം കൂട്ടുപുഴ വഴി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.
കഞ്ചാവ് കൊണ്ടുവന്നത് വടകരയില്‍ ഉള്ള മറ്റൊരാള്‍ക്ക് വേണ്ടിയാണെന്നാണ് പ്രതികള്‍ പൊലീസിന് നൽകിയ മൊഴി. കേസ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം ഇരിട്ടി എക്‌സൈസിന് കൈമാറി. സംഭവത്തില്‍ സംസ്ഥാന കഞ്ചാവ് ലോബികളുടെ ബന്ധം അന്വേഷിക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.