കണ്ണൂര്‍: ഇടവപ്പാതിയില്‍ മറഞ്ഞ തെയ്യക്കോലങ്ങള്‍ തുലാം മുതല്‍ വടക്കരുടെ ആവലാതികളും സങ്കടങ്ങളും കേട്ട് അനുഗ്രഹിക്കാനെത്തും. തുലാം സംക്രമത്തിന് കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യത്തിന്‍റെ പുറപ്പാടോടുകൂടി കോലത്തുനാട്ടിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമാകും.
തെയ്യത്തിനായുള്ള ആടയാഭരണങ്ങളുടെയും ഉടയാടകളുടെയും അവസാനവട്ട മിനുക്കുപണിയിലാണ് തെയ്യക്കാർ. മനുഷ്യന്‍ ദൈവപരിവേഷത്തിലേക്ക് പകര്‍ന്നാട്ടം നടത്തുന്നുവെന്നാണ് വിശ്വാസം. തെയ്യങ്ങള്‍ മഞ്ഞൾക്കുറി വിതറി ഉറഞ്ഞാടുമ്പോൾ ജാതിഭേദമന്യേ ഏവരും മനസില്‍ കുറിച്ചിടും ആ ദിന രാത്രങ്ങള്‍. തുലാമാസം മുതല്‍ ഇടവപ്പാതി വരെയുള്ള ചൂട്ട് വെളിച്ചത്തിന്‍റേയും ചായക്കൂട്ടുകളുടേയും ദിനരാത്രങ്ങള്‍. ചെണ്ടയുടെ രൗദ്ര താളത്തില്‍ കുത്തുവിളക്കിന്‍റെ നേര്‍ത്ത വെളിച്ചത്തില്‍ കത്തിയെരിയുന്ന ഓലച്ചൂട്ടിന്‍റെ ചൂടില്‍ ചെമ്പട്ടും വെള്ളോട്ടു ചിലമ്പുമണിഞ്ഞ് ദൈവീക ഭാവങ്ങള്‍ കാവുകള്‍ തോറും നാടിന് അനുഗ്രഹം നല്‍കും.
വളപട്ടണം കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി അഴിക്കുന്നതോടെയാണ് കോലത്തുനാട്ടിലെ തെയ്യാട്ടങ്ങൾക്ക് സമാപനമാകുന്നത്.