കണ്ണൂർ: വീണ്ടുമൊരു തുലാമാസം കൂടി പിറവിയെടുത്തു.. ഉത്തരകേരളത്തിൽ ഇനി 8 മാസം തെയ്യക്കാലമാണ്. ചെണ്ടയുടെ കോല് വീഴുമ്പോൾ ഓരോ കാവുകളിലും കാണും നൂറിലധികം പേർ. തെയ്യമെന്ന അനുഷ്‌ഠാനത്തെ കാത്തുസൂക്ഷിക്കുന്ന കോലധാരികൾക്ക് ജീവിത മാർഗമാണിത്. എന്നാൽ ആളും ആരവവും ഇല്ലാത്ത ഈ തെയ്യക്കാലത്ത് കൊവിഡ് മൂലം ക്ഷേത്ര തിരുമുറ്റങ്ങൾ ചടങ്ങുകൾ മാത്രമായി ഒതുങ്ങുകയാണ്. ഇതോടെ വടക്കർക്ക് കേട്ടുകേൾവി പോലുമില്ലാത്ത ഒരു തെയ്യക്കാലമാണ് കടന്നുപോകുന്നത്.
കൊവിഡ് മഹാമാരിയിൽ ഒരു ദിവസം 20 പേർ മാത്രമായി തെയ്യം കെട്ടിയാടാനാണ് സർക്കാർ അനുമതി. എന്നാൽ കാവുകളിലും കഴകങ്ങളിലും കുടിയിരിക്കുന്ന ദൈവികതയെ തോറ്റിയുണർത്തി ഭക്തർക്ക് അനുഗ്രഹമാകുന്ന കോലധാരികൾക്ക് ഇത് വലിയ പ്രതിസന്ധിയാകും.
വർഷാവർഷം നടത്തുന്ന കളിയാട്ടം പോലും ക്ഷേത്രം ഭാരവാഹികളും നടത്തിപ്പുകാരും നടത്തുന്നത് വെറും ചടങ്ങുകൾ മാത്രമായാണ്. ജനങ്ങളിൽ നിന്നും ലഭിക്കുന്ന കൈവരവും ഭണ്ഡാര വരവുമായിരുന്നു കളിയാട്ടത്തിലേക്കുള്ള വരവ് ചെലവുകൾക്ക് അടിസ്ഥാനം. അതിനാൽ ഈ വർഷത്തെ തെയ്യക്കാലം ഏവർക്കും പ്രതിസന്ധി നിറഞ്ഞതാകുമെന്ന് ഉറപ്പാണ്.