കണ്ണൂര്‍: തളിപ്പറമ്പ് ഭ്രാന്തൻകുന്ന് ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റില്‍ മോഷണം നടന്ന സംഭവത്തില്‍ പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ പ്രതികൾക്കായി തളിപ്പറമ്പ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വരഡൂൽ സ്വദേശി സുധീറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പർ മാർക്കറ്റില്‍ ബുധനാഴ്‌ച പുലർച്ചെ 2.50 നാണ് കവർച്ച നടന്നത്.
നീളൻ കുപ്പായം ധരിച്ച രണ്ട് പേരാണ് കവർച്ച നടത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. സൂപ്പർ മാർക്കറ്റിന് അകത്തും പുറത്തും സ്ഥാപിച്ച സിസിടിവികളിൽ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കൂടാതെ സൂപ്പർ മാർക്കറ്റിന് മുകളിൽ പ്രവർത്തിക്കുന്ന കുറുമാത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ശാഖയുടെ സിസിടിവി ക്യാമറയിലും തൊട്ട് എതിർ ഭാഗത്ത് താമസിക്കുന്ന റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥൻ നാരായണന്‍റെ വീട്ടിലെ ക്യാമറയിലും കവർച്ചക്കാരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മുയ്യം ഭാഗത്ത് നിന്നും എത്തിയ ഇരുവരും പരിസരം നിരീക്ഷിച്ച ശേഷം സൂപ്പർ മാർക്കറ്റിന്‍റെ ഷട്ടർ തകർക്കുകയായിരുന്നു. മോഷ്‌ടാക്കളില്‍ ഉയരം കുറഞ്ഞയാള്‍ അകത്ത് കയറി മേശവലിപ്പ് കുത്തി തുറന്ന് കവര്‍ച്ച നടത്തി.
സമാനമായ രീതിയില്‍ ഇതിന് മുമ്പം തളിപ്പറമ്പിൽ കവര്‍ച്ച നടന്നിട്ടുണ്ട്. തളിപ്പറമ്പ് പൊലീസ് ഇൻസ്പെക്‌ടര്‍ എൻകെ സത്യനാഥൻ, എസ്ഐ പിസി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വിരലടയാള വിദഗ്‌ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.