കണ്ണൂര്‍: കണ്ണൂർ വാരത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് 60 പവൻ സ്വര്‍ണവും അര ലക്ഷം രൂപയും മൂന്ന് റോളക്‌സ് വാച്ചുകളും കവർന്നു. ഗൾഫിൽ ജോലി ചെയ്യുന്ന വാരം കടാങ്കോട്ട് സുനാനന്ദന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ജനുവരി അഞ്ചാം തീയതി മുതൽ അടച്ചിട്ടിരുന്ന വീട്ടിലാണ് കവർച്ച നടന്നത്. കൃഷി നനയ്ക്കാനായി രാവിലെയെത്തിയ അടുത്ത വീട്ടിലെ സ്ത്രീയാണ് കവർച്ച നടന്ന വിവരം ബന്ധുക്കളെ അറിയിച്ചത്. മുൻവശത്തെ ജനൽപാളി കുത്തി തുറന്ന് ഗ്രിൽ അറുത്ത് മാറ്റിയാണ് മോഷ്‌ടാവ് അകത്ത് കടന്നത്. കിടപ്പുമുറിയുടെ പൂട്ട് പൊളിച്ച് രണ്ട് അലമാരകൾ തകർത്താണ് സ്വർണവും പണവും കവർന്നത്.
വിവാഹത്തിൽ പങ്കെടുക്കാൻ ഷാർജയിൽ നിന്നും നാട്ടിലെത്തിയ സുനാനന്ദനും ഭാര്യയും മകളും ജനുവരി അഞ്ചിനാണ് ഗൾഫിലേക്ക് പോയത്. വിവാഹാവശ്യത്തിനായി എടുത്ത ശേഷം വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് കളവ് പോയതെന്നാണ് കരുതുന്നത്. ചക്കരക്കല്ല് പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്ന സംഘത്തെയാണ് പൊലീസ് പ്രാഥമികമായി സംശയിക്കുന്നത്.